ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ
മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷൻ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തിൽ ഹിയറിങ് ആരംഭിച്ചു. സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ രണ്ട് ദിവസങ്ങളിലായാണ് ഹിയറിങ് നടക്കുന്നത്.
ആദ്യ ദിവസം രാവിലെ 9ന് ആരംഭിച്ച ഹിയറിങ് രാത്രി വരെ നീണ്ടു. 1484 പരാതികൾ ഷെഡ്യൂൾ ചെയ്തതിൽ ഹാജരായ മുഴുവൻ പരാതിക്കാരെയും കമ്മീഷൻ നേരിൽകേട്ടു. കൊണ്ടോട്ടി, കുറ്റിപ്പുറം മങ്കട, അരീക്കോട്, കാളികാവ്, നിലമ്പൂർ, പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലെ മുഴുവൻ പഞ്ചായത്തുകളിലെയും തിരുനാവായ പഞ്ചായത്തിലെയും കൊണ്ടോട്ടി, നിലമ്പൂർ, മഞ്ചേരി, കോട്ടക്കൽ നഗരസഭകളിലെയും പരാതികളാണ് ആദ്യ ദിവസം പരിഗണിച്ചത്. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും സ്വീകരിച്ച പരാതികളാണ് ഡീലിമിറ്റേഷൻ കമ്മീഷൻ നേരിൽ കേട്ടത്.
ഫെബ്രുവരി 6ന് രാവിലെ ഒമ്പതിന് മലപ്പുറം, താനൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, മലപ്പുറം, താനൂർ നഗരസഭകൾ, രാവിലെ 11ന് പെരിന്തൽമണ്ണ, തിരൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, പെരിന്തൽമണ്ണ, തിരൂർ നഗരസഭകൾ, ഉച്ചയ്ക്ക് ശേഷം രണ്ടിന് തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ എന്നിവിടങ്ങളിലെയും പരാതികളിൽ ഹിയറിങ് നടക്കും. ആകെ 1356 പരാതിക്കാരെയാണ് കമ്മീഷൻ കേൾക്കുക. രണ്ട് ദിവസങ്ങളിലായി ആകെ 2840 പരാതികളാണ് കമ്മീഷൻ്റെ പരിഗണനയിലുള്ളത്.
ജില്ലാ കളക്ടർ വി.ആർ. വിനോദ്, അസിസ്റ്റൻ്റ് കളക്ടർ വി.എം. ആര്യ, ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി എസ്. ജോസ്‌ന മോൾ, എ.ഡി.എം. മെഹറലി എൻ.എം., ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എം. സുനീറ, ഡീലിമിറ്റേഷൻ കമ്മീഷൻ- ജില്ലാ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.