കേരള ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സംസ്ഥാന അന്തർജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) ചാമ്പ്യൻഷിപ്പിന് കക്കാട് ഡ്രീം ബാഡ്മിന്റൺ അറീനയിൽ തുടക്കമായി. ആറ് ദിവസത്തെ ടൂർണമെന്റ് സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് ഉദ്ഘാടനം ചെയ്തു. ലക്ഷ്യസ്ഥാനവും അതിലേക്ക് എത്താനുള്ള വഴിയുമാണ് കായികതാരത്തിന് ഏറ്റവും പ്രധാനമെന്ന് കമ്മീഷണർ പറഞ്ഞു. കായികരംഗത്തെ മികച്ച പശ്ചാത്തല സൗകര്യങ്ങളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ മുന്നേറാൻ ഓരോ കായികതാരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്നുമുള്ള 420 മത്സരാർഥികളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ആദ്യമായാണ് സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പിന് കണ്ണൂർ ആതിഥേയത്വം വഹിക്കുന്നത്. ദേശീയ സ്‌കൂൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലുൾപ്പെടെ മത്സരിച്ചിട്ടുള്ള കായികതാരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. സബ് ജൂനിയർ (അണ്ടർ-15) വിഭാഗത്തിന്റെ മത്സരങ്ങളുടെ ഫൈനലുകൾ ഫെബ്രുവരി ആറിന് നടക്കും. ഏഴ്, എട്ട് തിയതികളിൽ ജൂനിയർ (അണ്ടർ 19) വിഭാഗത്തിന്റെ മത്സരങ്ങളും ഒമ്പത്, പത്ത് തീയ്യതികളിൽ സീനിയർ വിഭാഗത്തിന്റെ മത്സരങ്ങളും നടക്കും. 12 അംഗ ടെക്നിക്കൽ ടീം ആണ് മത്സരം നിയന്ത്രിക്കുന്നത്.

വിജയികൾക്ക് 1.5 ലക്ഷം രൂപ ക്യാഷ് അവാർഡായി ലഭിക്കും. കുട്ടികളുടെ ഫോർവേഡ് മാർച്ചോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. കിയാൽ എം.ഡി സി ദിനേഷ് കുമാർ മുഖ്യാതിഥിയായി. പിആർഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ പത്മനാഭൻ, വാക്സ് ക്ലബ് പ്രസിഡന്റ് കെ. രാംദാസ്, ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ ജഗന്നാഥൻ, കണ്ണൂർ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി കെ.പി പ്രജീഷ് എന്നിവർ സംസാരിച്ചു. പരിപാടിയെ തുടർന്ന് കമ്മീഷണറും കിയാൽ എം.ഡിയും മത്സരാർഥികളുമായുള്ള സൗഹൃദമത്സരം അരങ്ങേറി. ഫെബ്രുവരി പത്തിന് ചാമ്പ്യൻഷിപ്പ് സമാപിക്കും.