2023ലെ സംസ്ഥാന കരകൗശല അവാർഡുകൾ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു. സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ദ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015 മുതൽ കരകൗശല അവാർഡ് നൽകി വരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.
കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ‘കെ-ഷോപ്പി’ തുടങ്ങിയിട്ടുള്ളത്. ഹാൻഡിക്രാഫ്റ്റ്‌സ് കോർപറേഷന്റെ ഉൽപ്പന്നങ്ങളെല്ലാം കെ-ഷോപ്പിയിൽ ലഭ്യമാണ്. കൈത്തറി, കൊയർ, ഖാദി ഉൽപ്പന്നങ്ങളെല്ലാം തന്നെ കെ-ഷോപ്പിയിൽ ലഭ്യമാണ്.
കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ ഒരു സവിശേഷത എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായവൽക്കരണമാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചു ശക്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നു. എം.എസ്.എം.ഇകൾക്ക് സവിശേഷമായ പ്രാധാന്യം കൊടുത്തു. നമുക്ക് ചുരുങ്ങിയ കാലം കൊണ്ട് മൂന്നരലക്ഷത്തോളം പുതിയ എം.എസ്.എം.ഇകൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. എം.എസ്.എം.ഇകളുടെ ഉൽപ്പന്നങ്ങളുടെയും പാരമ്പരാഗത ഉൽപ്പന്നങ്ങളുടെയുമെല്ലാം വിപണനം ഇപ്പോൾ കെ സ്റ്റോർ വഴി സാധ്യമാണ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ ആധുനികവൽക്കരിച്ച് മത്സരാധിഷ്ഠിതമാക്കി ലാഭകരമാക്കാനുള്ള പ്രവർത്തനവും സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. സമ്മാനാർഹരായ എല്ലാവർക്കും മന്ത്രി അഭിനന്ദനങ്ങളറിയിച്ചു.
സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധർക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നതിനുമായി കേരളത്തിലെ കരകൗശല മേഖലയിലെ വിദഗ്ദ്ധരിൽ മികവുള്ളവരെ കണ്ടെത്തി കേരള സംസ്ഥാന സർക്കാർ 2015 മുതൽ കരകൗശല അവാർഡ് നൽകി വരുന്നു. കരകൗശല വിദഗ്ധരുടെ മികച്ച സംഭാവനകൾ, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം എന്നിവ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നത്.
ദാരു ശിൽപങ്ങൾ, പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ, ചൂരൽ, മുള എന്നിവയിൽ തീർത്ത ശിൽപങ്ങൾ, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നൽ, ലോഹ ശിൽപങ്ങൾ, ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച ശിൽപങ്ങൾ, വിവിധ വസ്തുക്കളിൽ നിർമ്മിച്ചവ (മുകളിൽ ഉൾപ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്കുന്നത്. ഉപയോഗപ്രദവും, സൗന്ദര്യാത്മകവും, കലാപരവും, ക്രിയാത്മകവും, പരമ്പരാഗതവും, സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ കരകൗശല ഉത്പന്നങ്ങളെ കണ്ടെത്തുന്നതിലൂടെ പ്രസ്തുത മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നതിനും കരകൗശല വിദഗ്ധരെ സഹായിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും സാധിക്കുന്നു.
ശശിധരൻ പി.എ. (ദാരുശില്പങ്ങൾ), എ. പ്രതാപ് (പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ), ബിന്ദേഷ് പി.ബി. (ചൂരൽ, മുള എന്നിവയിൽ തീർത്ത കലാരൂപങ്ങൾ), ജയകുമാരി എം.എൽ. (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ), ശെൽവരാജ് കെ.എ. (ലോഹ ശില്പങ്ങൾ), മഹേഷ് പി (ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച കലാരൂപങ്ങൾ), ശശികല സി. പി. (വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ) എന്നിവരാണ് 2023 വർഷത്തിലെ സംസ്ഥാന കരകൗശല അവാർഡ് ജേതാക്കൾ.
സിപിൻ സി.ജി. (ദാരുശില്പങ്ങൾ), സുലൈമാൻകുട്ടി കെ. (പ്രകൃതിദത്ത നാരുകളിൽ തീർത്ത ശില്പങ്ങൾ), അരവിന്ദാക്ഷൻ എം.ആർ. (ചൂരൽ, മുള എന്നിവയിൽ തീർത്ത കലാരൂപങ്ങൾ), അശ്വനി എസ്.എസ്. (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നൽ), ഗണേഷ് സുബ്രമണ്യം (ലോഹ ശില്പങ്ങൾ), നാഗപ്പൻ ആർ. (ചിരട്ട ഉപയോഗിച്ച് നിർമ്മിച്ച കലാരൂപങ്ങൾ), രമേശൻ എം.കെ. (വിവിധ വസ്തുക്കളിൽ നിർമ്മിച്ച കലാരൂപങ്ങൾ) എന്നിവർ മെറിറ്റ് സർട്ടിഫിക്കറ്റ് (പ്രോത്സാഹന സമ്മാനം) നേടി.
ആന്റണി രാജു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂല തോമസ്, ഡയറക്ടർ-കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് അനിൽ കുമാർ കെ.എസ്., വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ രാജീവ് ജി., കെ.എസ്. കൃപകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.