പുനരുപയോഗ ഊർജസ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി.കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജമേളയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത്. 2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും, 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനു പുറമേ, സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങൾക്കും വനാന്തരങ്ങളിലെ ആദിവാസി സമൂഹങ്ങൾക്കും വികസനത്തിന്റെ വെളിച്ചം എത്തിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനം പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയിൽ ഭൂരിഭാഗവും ഫോസിൽ ഇന്ധനങ്ങൾ അധിഷ്ഠിതമായി ഉൽപ്പാദിപ്പിക്കപ്പെട്ടതാണ്.
ഈ സർക്കാർ അധികാരത്തിൽ വന്ന് നാളിത് വരെ വൈദ്യുതി ഉൽപ്പാദന ശേഷിയിൽ 1359.55 മെഗാവാട്ടിന്റെ വർധനവ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ 148.55 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളിൽ നിന്നും ബാക്കി സൗരോർജ്ജ പദ്ധതികളിൽ നിന്നുമാണ്. 2027 ഓടു കൂടി 3000 മെഗാവാട്ട് സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവയിൽ നിന്നും, 1500 മെഗാവാട്ട് ജല വൈദ്യുത പദ്ധതികളിൽ നിന്നും പൂർത്തിയാക്കി.
ഊർജ്ജ സുരക്ഷ, സുസ്ഥിരവികസനം, സ്വയം പര്യാപ്തത ഇവ മുന്നിൽ കണ്ടുകൊണ്ടാണ് നമ്മുടെ ഊർജ്ജമേഖലയിലെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. മാറ്റത്തിനായി പുതിയ നയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ആവശ്യമാണ്. എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഊർജമേളയുടെ രണ്ടാം എഡിഷന് ഊർജ കാര്യക്ഷമതയുടെ പുതിയ മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാർ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണവും അവാർഡ് ബുക്ക് ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എനർജി മാനേജ്മന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ സ്വാഗതമാശംസിച്ചു. സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി വിനോദ്, എനർജി മാനേജ്‌മെന്റ് സെന്റർ രജിസ്ട്രാർ സുഭാഷ് ബാബു ബി.വി എന്നിവർ സംബന്ധിച്ചു.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് ഈ വർഷത്തെ ഊർജ മേളയുടെ പ്രധാന ലക്ഷ്യം. മേളയോടനുബന്ധിച്ച് കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകൾ, പാനൽ ചർച്ചകൾ, വിവിധ തരം പരിശീലന സെഷനുകൾ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ്സ് മത്സരങ്ങൾ, പൊതു പ്രദർശനം, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മെഗാ ക്വിസ് തുടങ്ങിയവ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറും. മേള ഫെബ്രുവരി 9ന് സമാപിക്കും