സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ എന്ന ജനകീയ ഹരിത വിപ്ലവത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർഗോഡ് ജില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ സൗഹൃദ വികസനത്തിനുമായി സംഘടിപ്പിച്ച ഹരിത പ്രഖ്യാപനങ്ങള്‍ ജില്ലയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. 2,400 ഹരിത സ്ഥാപനങ്ങള്‍, 12024 ഹരിത അയല്‍ക്കൂട്ടങ്ങള്‍, ജൈവമാലിന്യ സംസ്‌കരണ നിലയങ്ങള്‍, ഹരിത കലാലയങ്ങള്‍ ഹരിത ടൂറിസം തുടങ്ങിയവ യാഥാര്‍ഥ്യമാകുമ്പോള്‍ കാസർഗോഡ് ഹരിത കേരളത്തിന്റെ ഹൃദയഭൂമിയായി മാറുകയാണ്.

ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപിതമായ പ്രവര്‍ത്തനഫലമായി 2,400 ഹരിത സൗഹൃദ സ്ഥാപനങ്ങള്‍, 636 ഹരിത വിദ്യാലയങ്ങള്‍, 64 ഹരിത കലാലയങ്ങള്‍, 21 ഹരിത ടൗണുകള്‍, 88 വൃത്തിയുള്ള പൊതുസ്ഥലങ്ങള്‍ എന്നിവ ഇതിനകം പ്രഖ്യാപിച്ചു.

12,175 അയല്‍ക്കൂട്ടങ്ങളില്‍ 12,169 എണ്ണം ഹരിത ഗ്രേഡിംഗിന് വിധേയമായപ്പോള്‍ 12,024 അയല്‍ക്കൂട്ടങ്ങള്‍ 60 ശതമാനത്തിൽ കൂടുതല്‍ മാര്‍ക്ക് നേടി ഹരിത അയല്‍ക്കൂട്ടങ്ങളായി. ഹരിത സ്ഥാപനങ്ങളുടെ എണ്ണത്തില്‍ പരപ്പ (495), കാസര്‍കോഡ് (429), നീലേശ്വരം (391), മഞ്ചേശ്വരം (363) എന്നീ ബ്ലോക്കുകളാണ് മുന്നിലുഉള്ളത്. 2024 ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 30 വരെ നീളുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പ്യിനിന്റെ രണ്ടാം ഘട്ടം കാസര്‍കോടിന്റെ പുനരുപയോഗ സംരംഭങ്ങള്‍, പ്ലാസ്റ്റിക് മുക്ത ടൗണുകള്‍, ശുചിത്വ സൗഹൃദ ഗ്രാമങ്ങള്‍, ജൈവ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങിയവയെ കൂടുതല്‍ ആഴത്തില്‍ ശക്തിപ്പെടുത്തും.