തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുന്നതിനായി രൂപംനൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതിപരിഹാര സമിതികളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളിലും പരാജയമാണെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി നടന്ന ‘മാധ്യമങ്ങളിലെ ലിംഗസമത്വം’ എന്ന വിഷയത്തിലെ സെമിനാർ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരിക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആഭ്യന്തരസമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാമാധ്യമപ്രവർത്തകർക്ക് അറിയില്ലെന്നും ചർച്ച ചൂണ്ടിക്കാട്ടി. വനിതാമാധ്യമപ്രവർത്തകർക്ക് കൂടി സഹായകരമാകുന്ന രീതിയിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശുപരിപാലനകേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാമാധ്യമപ്രവർത്തകർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും സെമിനാറിൽ ആവശ്യമുയർന്നു.

മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിന്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ.ഡി.ടി.വിയിലെ മുൻമാധ്യമപ്രവർത്തകയായ മായ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപനങ്ങളിൽ  പഠിക്കാനെത്തുന്നവരിൽ ഭൂരിപക്ഷവും വനിതകളാണ്. ഭാവിയിൽ അത് കൂടുതൽ വനിതാപ്രാതിനിധ്യത്തിലേക്ക് നയിക്കുമെന്ന് കരുതുന്നതായും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി.

കേരളത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുക്കാൻ കഴിയുന്ന സ്ഥാനങ്ങളിൽ എത്ര വനിതാമാധ്യമപ്രവർത്തകർ ഉണ്ട് എന്നതാണ് ലിംഗസമത്വത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകയായ കെ. എം. ബീന ചൂണ്ടിക്കാട്ടി. ചില ദൃശ്യമാധ്യമങ്ങളുടെ തലപ്പത്ത് വനിതകൾ എത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ അച്ചടിമാധ്യമങ്ങളുടെ തലപ്പത്ത് വനിതാമാധ്യമപ്രവർത്തകർ ഇന്നുമില്ല എന്നും അവർ ചൂണ്ടിക്കാട്ടി.

തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലേക്ക് എത്തുന്നതിൽ വനിതാമാധ്യമപ്രവർത്തകർക്കായി ആരും കസേരകൾ ഒഴിച്ചിടില്ലെന്നും സ്വയം പരിശ്രമത്തിലൂടെ അത് കണ്ടെത്തണമെന്നും റിപ്പോർട്ടർ ടിവി കോഡിനേറ്റിങ് എഡിറ്ററായ സുജയ പാർവതി ചൂണ്ടിക്കാട്ടി.

ലിംഗസമ്വത്തിന്റെ കാര്യത്തിൽ സ്ഥാപനങ്ങൾക്കുള്ളിൽ നിരന്തരമായ ചർച്ചകൾ നടക്കണമെന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ലേഖികയായ കെ. പി. സഫീന ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങളിൽ ജെൻഡർ സെൻസിറ്റീവായ അന്തരീക്ഷവും ലിംഗസമത്വത്തെ അംഗീകരിക്കുന്നതിൽ സ്ഥാപനങ്ങളുടെ ക്ഷമതയും ഘടകങ്ങളാണെന്ന് സഫീന പറഞ്ഞു. വിലകുറഞ്ഞ ലേബർ എന്ന നിലയിൽ മാധ്യമങ്ങളിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നുവരുന്നുണ്ട്. എന്നാൽ ഉന്നതശ്രേണികളിൽ എത്ര സ്ത്രീകൾ എത്തുന്നു എന്നാണ് ചോദ്യം. ഇതിനായി സ്ത്രീകൾ കിട്ടിയ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നാണ് തന്റെ പക്ഷമെന്നും സഫീന ചൂണ്ടിക്കാട്ടി. എന്നാൽ പ്രിവിലേജുകൾ ഇല്ലാത്ത വനിതാമാധ്യമപ്രവർത്തകർക്ക് ഇത് എളുപ്പത്തിൽ പ്രാപ്യമല്ല എന്ന് മാധ്യമം ദിനപത്രത്തിലെ മാധ്യമപ്രവർത്തകയായ വി. പി. റെജീന അഭിപ്രായപ്പെട്ടു. പുതിയ തൊഴിൽ ചട്ടങ്ങൾ മാധ്യമമേഖലയിലടക്കം അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് റെജീന പറഞ്ഞു.

ഭാവിതലമുറയ്ക്കുവേണ്ടി പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു പറയുക തന്നെ വേണമെന്നു  സിഎൻഎൻ ന്യൂസ് 18ലെ മാധ്യമപ്രവർത്തകയായ നീതു സരള രഘുകുമാർ പറഞ്ഞു. ഓൺലൈൻ പോർട്ടലായ ന്യൂസ്മിനിട്ട് ലൈംഗിക ന്യൂനപക്ഷങ്ങൾ അടക്കമുള്ളവരെ ന്യൂസ് റൂമുകളിൽ ഉൾപ്പെടുത്തുന്നതിന് സവിശേഷ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് ചർച്ചയുടെ മോഡറേറ്ററായിരുന്ന ന്യൂസ് മിനിട്ട്സിലെ മാധ്യമപ്രവർത്തകയായ ഹരിതാ ജോൺ ചൂണ്ടിക്കാട്ടി.