കേരള ഹീമോഫീലിയ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ താലൂക്ക് ആശുപത്രികളിൽ ഹീമോഫീലിയ ഫാക്ടർ ലഭ്യതയുമായി നിലനിൽക്കുന്ന അപര്യാപ്തത കേരള ഹീമോഫീലിയ കോ ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു. റീ കോമ്പിനന്റ് ഫാക്ടർ 8 വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച ഉന്നതതല യോഗം കൂടി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. രോഗികളുടെ സാന്ദ്രത കണക്കിലെടുത്ത് ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് കേന്ദ്രങ്ങളിലേക്ക് ഒരാഴ്ചക്കകം മരുന്ന് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി.

കേരളത്തിൽ നിലവിൽ 18 വയസ്സിന് താഴെയുള്ള 254 കുട്ടികൾക്കാണ് എമിസിസുമാബ് പ്രൊഫിലാക്‌സിസ് ചികിത്സ നൽകിവരുന്നത്. പ്രായപരിധി വിപുലീകരിച്ച് ആവശ്യമായ രോഗികൾക്ക്കൂടി എമിസിസുമാബ് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സർക്കാർ ഉടൻ തന്നെ നടപടിയെടുക്കുമെന്ന് അറിയിച്ചു. ഹീമോഫീലിയ ബി രോഗികൾക്കും രക്തസ്രാവത്തിന്റെ തീവ്രത അനുസരിച്ച് കൂടുതൽ പേർക്ക് പ്രൊഫിലാക്‌സിസ് ചികിത്സ ലഭ്യമാക്കുമെന്നും അറിയിച്ചു.

രക്തജന്യ രോഗമുള്ള സ്ത്രീകളിലും പെൺകുട്ടികളിലും ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രത്യേക മാർഗരേഖ തയ്യാറാക്കി ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകി.

ഹീമോഫീലിയ രോഗികൾ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ കോ- ഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ മന്ത്രിയെ ധരിപ്പിക്കുകയും ഈ വിഷയം പരിശോധിച്ച് വേണ്ട ഇടപെടൽ നടത്താമെന്ന് ഉറപ്പ് നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, കേരള കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.