*ദേശീയ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമനിർമ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെയടക്കം ഇല്ലാതാക്കാവുന്ന കരട് യു.ജി.സി ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കരട് യു.ജി.സി ചട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയമസഭാ ശങ്കരനാരായണൻ ഹാളിൽ നടന്ന ദേശീയ സെമനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർവകലാശാലകളുടെ സ്ഥാപനത്തിലും പരിപാലനത്തിലും സംസ്ഥാന സർക്കാരുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്ത്യൻ ഭരണഘടനയുടെ 7-ാം ഷെഡ്യുളിലെ 32-ാം വകുപ്പ് പ്രകാരം സർവകലാശാലകളുടെ മേൽനോട്ടവും പരിപാലനവും സംസ്ഥാനങ്ങളുടെ അധികാര പരിധിയിലാണുള്ളത്. യൂണിയൻ ലിസ്റ്റിലെ 66-ാം ഇന പ്രകാരം ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിലും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും കേന്ദ്രസർക്കാരിന്റെ പങ്ക് പരിമിതപ്പെടുത്തിയിരുന്നു. കരട് യു.ജി.സി നിയന്ത്രണങ്ങൾ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ്. 1949-ൽ ഭരണഘടന അസംബ്ലിയിൽ ഡോ. ബി.ആർ അംബേദ്ക്കർ നടത്തിയ പ്രസംഗങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ അധികാരം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1977 ലെ 42-ാം ഭരണഘടനഭേദഗതിയാണ് ഈ മേഖലയിൽ കൂടുതൽ കേന്ദ്രനിയന്ത്രണം ഏർപ്പെടുത്തിയത്. കരട് പിൻവലിക്കാനും കൂടിയാലോചനകൾ നടത്തുന്നതിനും ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി.
കരടിനെക്കുറിച്ച് പഠിക്കുന്നതിനായി പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ കേരള സർക്കാർ നിയോഗിച്ചു. വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാരുകളുടെ പങ്കിനെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് കരടിലുള്ളത്. വ്യവസായ മേഖലയിൽനിന്നോ, പൊതുഭരണത്തിൽനിന്നോ അടക്കം വൈസ് ചാൻസലർമാരെ നിയമിക്കാം എന്ന നിർദേശം അക്കാദമിക നിലവാരത്തെ ഇല്ലാതാക്കും.
അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എപിഐ) സംവിധാനം നീക്കം ചെയ്ത്, ഏകപക്ഷീയമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിലും മുഖ്യമന്ത്രി ആശങ്ക അറിയിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എല്ലാവരും ജാഗ്രതയും ഐക്യവും നിലനിർത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രത സംരക്ഷിക്കുകയും വിദ്യാഭ്യാസ പ്രക്രിയയുടെ വൈവിധ്യം ഉയർത്തിപ്പിടിക്കുകയും ചെയ്യണം. തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ ദേശീയ കൺവെൻഷന്റെ ഭാഗമാകുന്നു എന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആമുഖഭാഷണം നടത്തി. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി സുധാകർ, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ എന്നിവർ വിശിഷ്ടാതിഥികളായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. പ്രഭാത് പട്നായിക്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ രാജൻ ഗുരുക്കൾ, തമിഴ്നാട് ഉന്നവിദ്യാഭ്യാസ വകുപ്പ് കൗൺസിൽ വൈസ് ചെയർമാൻ ഡോ. എം.പി വിജയകുമാർ, കർണാടക ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. എസ്.ആർ നിരഞ്ജന, തെലങ്കാന കോളജീയേറ്റ് ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എ ശ്രീദേവസേന, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവർ സംബന്ധിച്ചു. കോളജീയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ നന്ദി അറിയിച്ചു.