ലീൻ മാനുഫാക്ചറിംഗ് പ്രോസസിൽ സാധ്യത നേടാൻ ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗും (എസ്.സി.ടി) ബെംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐ.ഐ.എം) ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ എസ്.സി.ടി പ്രിൻസിപ്പാൾ ഡോ. സി. സതീഷ് കുമാറും ഐ.ഐ.എം ബെംഗളൂരുനെ പ്രതിനിധീകരിച്ച് മിസുഹോ ഇൻഡ്യ ജപ്പാൻ സ്റ്റഡി സെന്റർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സായി ദീപ് രത്നവും ഒപ്പുവച്ചു.
എസ്.സി.ടിയിലെ അധ്യാപകർക്ക് ലീൻ മാനുഫാക്ചറിങ് പ്രോസസ് എന്ന വിഷയത്തിൽ വിദഗ്ധ പരിശീലനം ബെംഗളൂരു ഐ.ഐ.എമ്മിന്റെ നേതൃത്വത്തിൽ നൽകും. നിർമ്മാണ സ്ഥാപനങ്ങളിൽ മൂല്യവർദ്ധന നൽകാത്ത പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി തിരിച്ചറിഞ്ഞ് അവ ഇല്ലാതാക്കുന്നതിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പാഴ്ചിലവ് കുറയ്ക്കാനും ലക്ഷ്യമിടുന്ന ഉത്പാദന രീതിയാണ് ലീൻ മാനുഫാക്ചറിംഗ് പ്രോസസ്. ഈ വിഷയത്തിൽ എസ്.സി.ടി ലെ വിദ്യാർഥികൾക്ക് ഐ.ഐ.എം രൂപകൽപന ചെയ്യുന്ന പഠനക്രമം അനുസരിച്ച് പരിശീലനം നൽകാനും വിദ്യാർഥികളുടെ ജോലി സാധ്യത വിർധിപ്പിക്കുവാനും സാധിക്കും.
സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയിലൂടെ കോളേജ് ഐ.ഐ.ടി മുംബൈയുടെ അക്കാദമിക് പാർട്ണർ ആണെന്നും ലീപ് പദ്ധതിയിലൂടെ ഐഐടി മദ്രാസുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. 2024-25 വർഷത്തിൽ 5 പേറ്റന്റുകൾ നേടിയെടുക്കാനും ടാറ്റ എലക്സി എന്ന വ്യവസായ സ്ഥാപനത്തിന്റെ സഹകരണത്തോടെ എം.ടെക് പ്രോഗ്രാം തുടങ്ങാനും സാധിച്ചതായി അദ്ദേഹം അറിയിച്ചു.