ശബരിമല:സന്നിധാനത്തെ ഹോട്ടലുകളിൽ വിലവിവരപ്പട്ടിക ആറ് ഭാഷകളിൽ പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകിയതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാർ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ, തുലാപ്പള്ളി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കാവുന്ന വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടറേറ്റിൽ നിന്നും വിലവിവരപ്പട്ടിക തയ്യാർ ചെയ്ത് എല്ലാ ഹോട്ടലുകൾക്കും നൽകിയിട്ടുണ്ട്. ഇതിന് പുറമേ ചില ഹോട്ടലുകൾ ഇംഗ്ലീഷിലും മലയാളത്തിലും മാത്രം തയ്യാറാക്കിയിട്ടുള്ള ഫ്‌ളക്‌സ് ബോർഡുകൾ വെച്ചിട്ടുണ്ട്. ഇത്തരത്തിൽ വെച്ചിട്ടുള്ള വലിയ ഫ്‌ളക്‌സ് ബോർഡുകളിൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ വിലവിവരം പ്രദർശിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹോട്ടലുകളിൽ വിലവിവരം പ്രദർശിപ്പിക്കുന്ന ബോർഡുകളിൽ ആറ് ഭാഷകളിലുമുള്ള വിവരങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ വിളിച്ച് ചേർത്ത ഹോട്ടൽ ഉടമകളുടെ യോഗത്തിൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന്(ഒന്നിനകം) രണ്ട് ഭാഷകളിൽ മാത്രമായി പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകൾ മാറ്റി ആറ് ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. സന്നിധാനത്ത് വിൽപ്പന നടത്തുന്ന പഴവർഗങ്ങളുടെ വിലവിവരം പ്രദർശിപ്പിക്കാനും നിർദ്ദേശം നൽകി. ഇന്നലെ(29ന്) വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8000 രൂപ പിഴ ഈടാക്കി. അമിതവില ഈടാക്കൽ, അളവിൽ കുറഞ്ഞ ഭക്ഷണസാധനങ്ങൾ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.