കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനത്തെ പോളി ടെക്നിക്കുകളിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർക്ക് വേണ്ടി ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ എനർജി ഓഡിറ്റിങ് ശിൽപശാല സംഘടിപ്പിക്കുന്നു. നാഷണൽ സർവീസ് ടെക്നിക്കൽ സെല്ലിലെ വിവിധ യൂണിറ്റുകളുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ ഒരു ലക്ഷം വീടുകളിലെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഊർജ സംരക്ഷണവും എനർജി ഓഡിറ്റിങ്ങും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ദ്വിദിന ശിൽപശാല നടത്തപ്പെടുന്നത്. എനർജി ഉപയോഗത്തിൽ പാഴാക്കുന്നുണ്ടോ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ കാര്യക്ഷമമാണേോ, സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണോ, കൂടാതെ എനർജി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രായോഗിക പരിശീലനവും വിദ്യാർഥികളിൽ കൂടി പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

തിരൂർ എം.എൽ.എ കുറുക്കോളി മൊയ്ദീൻ  ശിൽപശാല ഉദ്ഘാടനം ചെയ്യും. തിരൂർ അസി. കളക്ടർ ദിലീപ് കെ കൈനിക്കര മുഖ്യ അതിഥിയായിരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ രമേഷ് കുമാർ, വൈദ്യുത ഭവൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഒ.പി വേലായുധൻ, പ്രിൻസിപ്പൽ ഡോ. പി.ഐ ബഷീർ, ഡോ. അബ്ദുൾ ജബ്ബാർ അഹമ്മദ് എന്നിവർ പങ്കെടുക്കും. എനർജി മാനേജ്‌മെന്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പ്രതിനിധികൾ സെമിനാർ അവതരിപ്പിക്കും.