വെയിൽസ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വരുന്ന വർഷത്തിൽ 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ക്യാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു വർഷത്തിനുളളിൽ 350 ലധികം ആരോഗ്യപ്രവർത്തകരാണ് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലൂടെ വെയിൽസിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിന്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് മുഖ്യമന്ത്രിയെ അറിയിച്ചു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുമ്പ് വെയിൽസ് സന്ദർശിച്ചിരുന്നു. തുടർന്ന് വെയിൽസിലേയ്ക്ക് ആരോഗ്യപ്രവർത്തകരെ റിക്രൂട്ട്‌ചെയ്യുന്നതിനുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ 2024 മാർച്ച് ഒന്നിന് ഒപ്പുവെച്ചിരുന്നു. ‘വെയിൽസ് ഇൻ ഇന്ത്യ 2024’ വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായിട്ടാണ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. ഡിപ്ലോമാറ്റ് മിച്ച് തീക്കർ, ബ്രിട്ടീഷ് ഹൈകമ്മീഷൻ ഡെപ്യൂട്ടി മിഷൻ ഹെഡ് ജെയിംസ് ഗോർഡൻ, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥൻ ബ്രൂംഫീൽഡ്, നോർക്ക സെക്രട്ടറി ഡോ. കെ വാസുകി, നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി, സൗത്ത് ഇന്ത്യ കൺട്രി മാനേജർ ബിൻസി ഈശോ, എൻ.എച്ച്.എസ്. വർക്ക് ഫോഴ്‌സ് ഇയാൻ ഓവൻ, എന്നിവർ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.