* മേള മാർച്ച് 10 വരെ, പ്രവേശനം സൗജന്യം
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ, ഭാവി കേരളത്തിന്റെ സാധ്യതകൾ എന്നിവ സർഗാത്മകമായും നൂതന രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രദർശന നഗരി സന്ദർശിച്ചതിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചറിയുന്നതിനുള്ള പ്രത്യേക തീം ഏരിയയും വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ അവതരിപ്പിച്ച പവിലിയനാണ് മേളയുടെ പ്രത്യേകത.
വിവിധ വകുപ്പുകളുടെ തീം-വിപണന സ്റ്റാളുകള്‍, പുസ്തക മേള, സാഹിത്യചര്‍ച്ച, കവിയരങ്ങ് എന്നിവ മേളയുടെ ഭാഗമായി നടക്കും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ മാർച്ച് എട്ട് വരെ വൈകുന്നേരങ്ങളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്‍കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ- സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും. മേളയോടനുബന്ധിച്ച് രൂപാ രേവതി വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു.
ഉദ്ഘാടന വേളയിൽ എം. നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, അഡീ. ഡയറക്ടർമാരായ വി സലിൻ, വി.പി. പ്രമോദ് കുമാർ, കെ.ജി. സന്തോഷ്, എ.ഡി.എം ജി. നിർമൽകുമാർ, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, സബ് കളക്ടർ നിഷാന്ത് സിഹാര, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, പി.ആർ.ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺ എസ്.എസ്. തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് മട്ടന്നൂരും 51 അംഗസംഘവും ഒരുക്കുന്ന ചെണ്ടമേളം
ആശ്രാമം മൈതാനത്ത് കൊല്ലം@75 മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 4) വൈകിട്ട് 6.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 51 കലാകാരനന്മാര്‍ അണിനിരങ്ങുന്ന ചെണ്ടമേളം അരങ്ങേറും. പ്രവേശനം സൗജന്യം.
സുരക്ഷാ പാഠങ്ങളുമായി അഗ്നിശമനസേന
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സുരക്ഷയുടെ പാഠങ്ങളുമായി അഗ്നിസുരക്ഷ സേന. അപകടങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം, അപകടം എങ്ങനെ ഒഴിവാക്കാം തുടങ്ങി നിത്യജീവിതത്തില്‍ നേരിടേണ്ടി വരുന്ന അപകട സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുന്ന സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ അഗ്‌നിശമന രക്ഷാസേന ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന സ്‌കൂബ സ്യൂട്ട്, ശിതീകരണ സൗകര്യമുള്ള കൂളിംഗ് ഹെല്‍മറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ച് പൈപ്പുകള്‍, തുടങ്ങിയവയും പരിചയപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌പ്രൈസര്‍ വിത്ത് ഇലക്ട്രിക് കട്ടര്‍, അഗ്‌നി ശമന ഉപകരണങ്ങളായ സി.ഒ.ടു എക്സ്റ്റിംഗ്യൂഷര്‍, ഡി.സി.പി എക്സ്റ്റിംഗ്യൂഷര്‍, ബൂസ്റ്റര്‍ പമ്പ്, ഫ്‌ലാറ്റ് സ്‌പ്രേ, ബ്രീത്തിങ് അപാരറ്റസ് തുടങ്ങി ജലാശയ അപകടങ്ങളെ തരണം ചെയ്യാന്‍ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് കൗതുകം ഉണര്‍ത്തുന്നതാണ്.
സൗജന്യ ജല പരിശോധനയുമായി കേരള വാട്ടര്‍ അതോറിറ്റി
കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ സൗജന്യ ജല പരിശോധനയുമായി കേരള വാട്ടര്‍ അതോറിറ്റി. ശുദ്ധ ജലത്തെക്കുറിച്ചുള്ള ബോധവത്ക്കരണവും ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധനയുമാണ് ജല അതോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.
ജലത്തിന്റെ ഭൗതികവും രാസപരവുമായ ഗുണനിലവാരമാണ് മേളയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അര ലിറ്റര്‍ വെള്ളവുമായി മേളയിലെത്തുന്ന ആര്‍ക്കും 15 മിനിറ്റിനുള്ളില്‍ ജലത്തിന്റെ ഗുണ നിലവാരം പരിശോധിച്ച് മടങ്ങാം. 850 രൂപ ചെലവ് വരുന്ന ജല പരിശോധനയാണ് സൗജന്യമായി ലഭ്യമാക്കുന്നത്. പ്രാഥമിക പരിശോധനയില്‍ കൂടുതല്‍ രാസ പരിശോധനകള്‍ ആവശ്യമായി കണ്ടെത്തുന്ന ജല സാമ്പിളുകള്‍ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലബോറട്ടറിയിലേക്ക് അയക്കുന്നുമുണ്ട്. വിദഗ്ധ പരിശോധനയുടെ ചെലവ് സ്വന്തമായി വഹിക്കണം. ജലപരിശോധനയ്ക്ക് പുറമേ കിണറുകളുടെ പരിപാലനം, ജലത്തിന്റെ ഗുണനിലവാരവ്യതിയാനം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും പരിഹാരങ്ങളും, വിവിധ രൂപത്തിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് രൂപത്തില്‍ ഒറ്റനോട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
സൗജന്യ ആധാര്‍ അധിഷ്ഠിത സേവനങ്ങളുമായി അക്ഷയ സ്റ്റാള്‍
കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ ആധാര്‍ അധിഷ്ഠിത സേവനങ്ങളുമായി അക്ഷയയുടെ സ്റ്റാളുകള്‍. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങളാണ് സൗജന്യമായി ലഭിക്കുക. ആധാര്‍ ബയോമെട്രിക് അപ്ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്ഡേറ്റിങ്, ആധാര്‍ തിരയലും കാര്‍ഡിന്റെ പ്രിന്റെടുക്കലും, ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചിനും 15 വയസിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്ഡേറ്റ് എന്നിവ സൗജന്യമായി ലഭിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെ പ്രദര്‍ശന നഗരിയിലെ അക്ഷയ സ്റ്റാളുകളുടെ പ്രവര്‍ത്തനസമയം.
ആയുധ പ്രദര്‍ശനവുമായി കേരള പോലീസ്
പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന റൈഫിള്‍ മുതല്‍ അത്യാധുനിക യന്ത്രത്തോക്കുകളുടെ വകഭേദങ്ങളും അവയില്‍ ഉപയോഗിക്കുന്ന തിരകളും തൊട്ടടുത്ത് കാണാനും തൊട്ടുനോക്കാനും കഴിയുന്ന പ്രദര്‍ശനമൊരുക്കി ജില്ലാ പോലീസ്. ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയിലാണ് കേരള പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കയ്യിലുള്ള സ്മാര്‍ട് ഫോണിലൂടെ പരാതി നല്‍കേണ്ട വിധവും മേളയുടെ ഭാഗമായി പോലീസ് പരിചയപ്പെടുത്തി കൊടുക്കുന്നു. പൊലീസിന്റെ ശാസ്ത്രീയ തെളിവെടുപ്പുരീതികളെപറ്റിയും വയര്‍ലെസ് സംവിധാനം, വെടിയുണ്ട, ഗ്രനേഡുകള്‍, വിവിധയിനം ലാത്തികള്‍, വിവിധ പൊലീസ് തൊപ്പികള്‍, കൈവിലങ്ങ്, തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. സേനയുടെ ആയുധചരിത്രം വിശദീകരിക്കുന്നവിധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേനയില്‍ ഉപയോഗിച്ച പീരങ്കിയാണ് സ്റ്റാളിന്റെ കവാടത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.