വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം സംഘടിപ്പിച്ച ‘1000 വിമൻ വീഡിയോ ചലഞ്ച്’ പരിപാടിയ്ക്ക് സംസ്ഥാനത്തുടനീളം ആവേശകരമായ പ്രതികരണം ലഭിച്ചു.
സ്ത്രീകളെ ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത ചലഞ്ചിൽ 10,000-ത്തിലധികം എൻട്രികൾ ലഭിച്ചു. മുന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വർദ്ധിച്ച പങ്കാളിത്തം കാരണം വനിതകളുടെ ശാക്തീകരണം, പങ്കാളിത്തം, നേതൃത്വം എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങളുള്ള റീലുകളായി സൃഷ്ട്ടികൾ സമർപ്പിക്കുന്നതിന് അവസരം നൽകി.
മാർച്ച് 7ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ ചേംബറിൽ സൗത്ത് സോൺ സഹോദയ കോംപെറ്റീഷൻ, 2019-ലെ കലാതിലകം ശീതൾ ബി.എസും 2022-ലെ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് സഹോദയ വിജയി കമലകൃഷ്ണ ഡി.എസും ചേർന്ന് വീഡിയോ പ്രകാശനം ചെയ്തു.
ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ കൂട്ടായ പങ്കാളിത്തം പകർന്നുനൽകുന്ന ശക്തിയുടേയും സ്വാധീനത്തിന്റെയും തെളിവും, ജനാധിപത്യത്തിലും സമൂഹത്തിലും തങ്ങളുടെ സാന്നിധ്യം ആഘോഷിക്കുന്നതിൽ കേരളത്തിലുടനീളമുള്ള സ്ത്രീകളുടെ ആവേശവുമാണ് ‘1000 വിമൻ ചലഞ്ച്’-ൽ പ്രകടമായതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ അഭിപ്രായപ്പെട്ടു.