രാജ്യത്ത് കാർ ടി സെൽ തെറാപ്പി നൽകുന്ന രണ്ടാമത്തെ സർക്കാർ സ്ഥാപനം

മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റീസർച്ചിൽ കാർ ടി സെൽ തെറാപ്പിയിൽ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. എം.സി.സിയിൽ രാജ്യത്ത് തന്നെ സർക്കാർ തലത്തിൽ രണ്ടാമതായി ആരംഭിച്ച കാർ ടി സെൽ തെറാപ്പി വിജയം. 5 രോഗികൾക്കാണ് കാർ ടി ചികിത്സക്ക് ആവശ്യമായ ടി സെൽ ശേഖരണം നടത്തിയത്. ഇതിൽ 3 പേരുടെ ചികിത്സ പൂർത്തീകരിച്ചു. ഈ അഞ്ചുപേരിൽ 3 പേർക്ക് ബി അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതിൽ തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കൽ ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 വയസ് പ്രായമുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോൺ ഹോഡ്കിൻസ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേർക്കും. രണ്ട് തരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവർക്കാണ് കാർ ടി ചികിത്സ സഹായകരമായത്.

സാധാരണക്കാർക്കും ലോകോത്തര അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് റോബോട്ടിക് സർജറി, കാർ ടി സെൽ തുടങ്ങിയ അത്യാധുനിക ചികിത്സകൾ സാധ്യമാക്കിയത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്ടർ ഉൾപ്പെടെയുള്ള എം.സി.സിയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദനം അറിയിച്ചു.

പ്രതിരോധ കോശങ്ങൾ കൊണ്ട് കാൻസറിനെ ചികിത്സിക്കുന്നതാണ് കാർ ടി സെൽ തെറാപ്പി. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകൾ. കാർ ടി സെൽ ചികിത്സാ രീതിയിൽ ഈ ലിംഫോസൈറ്റുകളെ രോഗിയിൽ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയിൽ വെച്ച് ജനിതക പരിഷ്‌കരണം നടത്തുന്നു. ജനിതകമാറ്റം വരുത്തിയ കോശങ്ങൾ രോഗിയിൽ തിരികെ പ്രവേശിപ്പിക്കുന്നു. ഇത് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളിൽ ഒന്നാണിത്.

ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാർ ടി സെല്ലുകൾ പ്രത്യേകമായി കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു. മാറാത്ത രക്താർബുദങ്ങൾക്ക് ഏറെ ഫലപ്രദമാണിത്. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പി എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർ ടി സെൽ തെറാപ്പി സാധാരണയായി ഒറ്റത്തവണ ചികിത്സയാണ്. പരമ്പരാഗത കാൻസർ ചികിത്സകളെ അപേക്ഷിച്ച് കാർ ടി സെൽ തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. രോഗ ലക്ഷണങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കാർ ടി സെൽ തെറാപ്പിക്ക് കഴിയും. കാർ ടി സെൽ തെറാപ്പിയുടെ ആശുപത്രിവാസ സമയം താരതമ്യേന കുറവാണ്. ആശുപത്രി വാസമില്ലാതെയും ഇത് നൽകാൻ സാധിക്കും.

സാധാരണ നിലയിൽ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്‌കരണമാണ് ‘പേഷ്യന്റ് അസ്സിസ്റ്റൻസ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കിയത്. വിവിധ സർക്കാർ പദ്ധതികളുൾപ്പെടെ ചികിത്സയ്ക്ക് സഹായമാക്കുന്നുണ്ട്.