ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 179 ഏജന്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ കരുതലാണ് ലോട്ടറി ധനസഹായമെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളായി മുടങ്ങിക്കിടന്ന ലോട്ടറി ധനസഹായ പദ്ധതി കഴിഞ്ഞ സർക്കാരാണ് പുന:സ്ഥാപിച്ചത്. രണ്ടു ഗഡുക്കളായി 2500 രൂപ നൽകിയിരുന്നത് ഇപ്പോൾ 5000 രൂപ ഒറ്റ ഗഡുവായാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.