സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം.
ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്. ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെർവിക്കൽ കാൻസർ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

ആദ്യ ഘട്ടത്തിൽ ജില്ലയിൽ പട്ടിക വർഗക്കാർക്ക് വാക്‌സിൻ
ജില്ലയിലെ 9 വയസ്സ് മുതൽ 14 വയസ്സ് വരെ പ്രായമുള്ള മുഴുവൻ പട്ടിക വർഗ്ഗക്കാർക്കും രണ്ടു ഡോസ് HPV വാക്‌സിൻ നൽകും.ഇതിനായി കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി. അറിയിച്ചു.

സെർവിക്കൽ കാൻസറിന്റെ പ്രത്യേകത
മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?
സർവ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതൽ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാൽ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവർക്കും സെർവിക്കൽ കാൻസർ ഉണ്ടാകുന്നില്ല. കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വർഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതിൽ 15 ശതമാനം പേരിൽ അണുബാധ സ്ഥിരമായി നിൽക്കാം. ഇതിൽ 5 ശതമാനം പേർക്ക് സെർവിക്കൽ കാൻസറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങൾ ഉണ്ടാകാം.

സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ലക്ഷണങ്ങൾ
വരാതെ തടയാൻ സാധിക്കുന്നതും വന്നു കഴിഞ്ഞാൽ ചികിത്സിച്ചു പൂർണമായും ഭേദമാക്കാൻ കഴിയുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ. ഗർഭപാത്രം തുടങ്ങുന്ന ഭാഗത്തുണ്ടാകുന്ന ഒരു രോഗമാണിത്. ഗർഭാശയഗള കാൻസർ വരുന്നതിനു 10–15 വർഷങ്ങൾക്കു മുന്നേ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. ഗർഭാശയഗളത്തിൽ നിന്നെടുക്കുന്ന സ്രവം ഉപയോഗിച്ച് പാപ്ടെസ്റ്റു വഴി കോശങ്ങളിലുള്ള വ്യതിയാനം വച്ചാണ് ഇതിനുള്ള സാധ്യത മനസ്സിലാക്കുന്നത്. വൈറസാണ് രോഗകാരണം.
പ്രാരംഭഘട്ടത്തിൽ വലിയ ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. വെള്ളപോക്ക്, ചൊറിച്ചിൽ, സാധാരണ അല്ലാത്ത സ്രവം ഉണ്ടാകുക എന്നിവ ലക്ഷണമാണ്. എന്നാൽ ഇത് എല്ലാവരിലും കാണാറില്ല. പിന്നീടാണ് ബ്ലീഡിങ് ഉണ്ടാകുന്നത്. സാധാരണ ഭാരം എടുക്കുമ്പോൾ ബ്ലീഡിങ് ഉണ്ടാകുക, ആർത്തവസമയത്ത് അല്ലാതെ ഇടവിട്ട സമയങ്ങളിൽ ബ്ലീഡിങ് വരിക, ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം ഉണ്ടാകുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ഗർഭാശയഗള ക്യാൻസറിന് കാരണമാവുന്ന മറ്റ് ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു:
ഒന്നിലധികം ലൈംഗിക പങ്കാളികൾ– ഇത് എച്ച്.പി.വി ബാധയ്ക്കും ലൈംഗികജന്യ രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
വളരെ ചെറുപ്പത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്– പ്രായപൂർത്തിയാവുന്നതിനു വളരെ മുമ്പ് തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എച്ച്.പി.വി ബാധയ്ക്കും ഗർഭാശയഗള ക്യാൻസറിനും സാധ്യത വർദ്ധിപ്പിക്കുന്നു.
ദുർബലമായ പ്രതിരോധ സംവിധാനം– നിങ്ങൾക്ക് എച്ച്.പി.വി ബാധ ഉണ്ടെങ്കിലും മറ്റു പല ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രതിരോധ സംവിധാനം തകരാറിൽ ആണെങ്കിലും ഗർഭാശയഗള ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പുകവലി – സ്ക്വാമസ് സെൽ സെവിക്കൽ കാർസിനോമയ്ക്ക് പുകവലി കാരണമായേക്കാം.

സെർവിക്കൽ കാൻസർ എങ്ങനെ കണ്ടുപിടിക്കാം?
വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവുകുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയർ പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്കോപ്പിനടിയിൽ വെച്ചു നോക്കി കോശ വ്യതിയാനങ്ങൾ കണ്ടുപിടിക്കുന്നു. 30 വയസ്സിൽ പാപ്സ്മിയർ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വർഷവും ഈ ടെസ്റ്റ് ചെയ്യണം.
ഇതേ കോശങ്ങളിൽ തന്നെ എച്ച്.പി.വി. ഡി.എൻ.എ. ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവ് അല്പം കൂടുമെങ്കിലും അഞ്ചു വർഷം കൂടുമ്പോൾ ഇത് ചെയ്താൽ മതിയാവും. പാപ്സ്മിയർ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ എച്ച്.പി.വി.ഡി.എൻ.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് 35 വയസ്സിലും 10 വർഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താൽ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ പിന്നീടുള്ള സ്ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല. പാപ്സ്മിയർ ടെസ്റ്റിൽ കോശ വ്യത്യാസങ്ങൾ കണ്ടാൽ കോൾപോസ്കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം. ഗർഭാശയ മുഖത്തിനെ ഒരു മൈക്രോസ്ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോൾപോസ്കോപ്പി.

പ്രതിരോധ കുത്തിവെപ്പ്

ഗാർഡാസിൽ, സെർവാരിക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എച്ച്.പി.വി വാക്സിൻ ഒന്നിലധികം ഡോസുകളായിട്ടാണ് നൽകുന്നത്. പ്രായത്തിന് അനുസരിച്ചാണ് എത്ര ഡോസുകൾ, എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത്.
കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ നൽകുന്നതായിരിക്കും നല്ലത്. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. പരമാവധി 15 മാസത്തിനുള്ളിൽ തന്നെ നൽകാൻ ശ്രദ്ധിക്കണം.
15 മുതൽ 26 വയസ്സുവരെയുള്ളവരിൽ മൂന്നു ഡോസുകളായാണ് നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യമാസത്തിലും ആറാംമാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ.
27 മുതൽ 45 വയസ്സ് വരെയുള്ളവർക്കും മൂന്നുഡോസായി തന്നെയാണ് വാക്സിൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യ മാസത്തിലും ആറാം മാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ.