പ്രളയത്തില്‍ ആഴ്ന്നു പോയ കൃഷിസ്ഥലവും മാഞ്ഞുപോയ പുഴയും വീണ്ടെടുക്കാന്‍ കൃഷിവകുപ്പും നാട്ടുകാരും ഗ്രാമപഞ്ചായത്തും കൈകോര്‍ത്തപ്പോള്‍ പുനര്‍ജനിക്കുന്നത് പുഴയോടൊപ്പം കര്‍ഷകരുടെ സ്വപ്നങ്ങളുമാണ്. സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയിലൂടെ പറച്ചാത്തി പുഴയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൃഷിവകുപ്പുമന്ത്രി വി.എസ്. സുനില്‍കുമാര്‍ കഴിഞ്ഞ ദിവസമാണ് പുനര്‍ജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്.

പുനര്‍ജനി പദ്ധതി
പ്രളയത്തില്‍ നശിച്ചുപോയ കൃഷിഭൂമിയും പാടങ്ങളും വീണ്ടെടുക്കാനുള്ള സംസ്ഥാന കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്റെ ശ്രമമാണ് പുനര്‍ജനി. പ്രളയം തകര്‍ത്ത മുഴുവന്‍ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കൃഷിസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും മറ്റു മാലിന്യങ്ങളും നീക്കി ഭൂമിയെ കൃഷിയോഗ്യമാക്കി തീര്‍ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ആത്മ അഗ്രോ സര്‍വീസ് കര്‍മ്മസേന എന്നിവയുടെ അംഗങ്ങളും പുഴയെ വീണ്ടെടുക്കാമുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കൃഷിഭൂമിയെ വീണ്ടെടുക്കുന്നത്. പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഫണ്ട് കണ്ടെത്തിയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നത്.

പറച്ചാത്തി പുഴ പ്രളയത്തിന് മുമ്പ്
മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് പുറപ്പെടുന്ന പുഴയാണ് പറച്ചാത്തി. 25 കിലോമീറ്ററോളം കൃഷി സ്ഥലങ്ങളിലൂടെ ഒഴുകിയാണ് പറച്ചാത്തി മലമ്പുഴ ഡാമില്‍ പതിക്കുന്നത്. ഇതിനാല്‍ ഈ പ്രദേശത്തെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ഏക ജലസേചന മാര്‍ഗമാണ് ഏതു വേനലിലും വറ്റാതിരുന്ന പുഴ. അകമലവാരം, അടുപ്പൂട്ടി മല, ആട്ടുമല എന്നിവയിലൂടെ ഒഴുകുന്ന ഈ പുഴയിലെ വെള്ളം പ്രധാനമായും വാഴ, കപ്പ, പച്ചക്കറി കൃഷികള്‍ക്കാണ് ഉപയോഗിക്കുന്നത്.

ഇന്നത്തെ പുഴ
ആഗസ്റ്റ് 17ന് കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കിലോമീറ്ററോളം ദൂരം ഭൂമി ഒഴുകിയിറങ്ങിയത് പറചാത്തി പുഴയിലേക്കാണ്. ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന മണ്ണും മണലും മരങ്ങളും അടിഞ്ഞുകൂടി പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടപ്പോള്‍ ഇവയെല്ലാം പരന്നൊഴുകിയത് കൃഷിയിടങ്ങളിലേക്കാണ്. 15 അടിയോളം ഉയരത്തില്‍ പലയിടങ്ങളിലും മണ്ണും മണലും അടിഞ്ഞു കൂടിയതോടെ നിരവധി കൃഷിക്കാരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായത്. നികന്നു പോയ പുഴയിലൂടെ നീരൊഴുക്ക് പാടെ നിലച്ചു. പുഴയെ വീണ്ടെടുത്ത് മണ്ണും മണലും മറ്റ് മലിനവസ്തുക്കളും നീക്കി കൃഷിഭൂമിയാക്കിയെടുക്കുക എന്ന വലിയ ദൗത്യമാണ് പുനര്‍ജനി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മണലും നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏത് വേനലിലും വറ്റാത്ത പറച്ചാത്തി പുഴയെ വീണ്ടെടുക്കാന്‍ നാടും അധികൃതരും കൈകോര്‍ക്കുമ്പോള്‍ തങ്ങളുടെ നഷ്ടപ്പെട്ട കാര്‍ഷികലബ്ധി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.