ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. വൈകുന്നേരം 5.30ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. ‘നെറ്റ്‌സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ മൊബൈൽ ആപ്പ് പ്രകാശനവും, ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ‘നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ’ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ശശിതരൂർ എം.പി, ആന്റണി രാജു എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ഡബ്യു. എം.പി. പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്‌സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ കേരള ജനറൽ സെക്രട്ടറി എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ രവിരാജ് ആർ, ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ പ്രതിനിധികൾ, കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമാകും.

2025 ലെ ലോക ജലദിനത്തിന്റെ പ്രതിപാദ്യ വിഷയം ‘ഹിമാനികളുടെ സംരക്ഷണം’ എന്നതാണ്. പാരിസ്ഥിതിക മേഖലയിൽ ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളുമായി ഏറെ ചേർന്നു നിൽക്കുന്നതാണ് ഈ വിഷയം. അതുകൊണ്ട് തന്നെ ലോക ജലദിനവുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവരുടെ അനുഭവം പങ്കുവയ്ക്കുന്നതിനും വിദഗ്ധരുടെ അഭിപ്രായം തേടുന്നതിനും ശ്രദ്ധേയമായ പ്രവർത്തനം നടത്തിയവരെ ആദരിക്കുന്നതിനുമായുള്ള വേദി കൂടിയായി ‘പരിസ്ഥിതി സംഗമം’ മാറുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ പറഞ്ഞു.