കാസർഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകൾക്ക് ക്ഷയരോഗ മുക്ത അവാർഡ് നൽകാനുള്ള ശുപാർശ ജില്ലാ ക്ഷയരോഗനിവാരണ ബോർഡ് യോഗം അംഗീകരിച്ചു. നാല് പഞ്ചായത്തുകൾക്ക് സിൽവർ പദവിയും ആറു പഞ്ചായത്തുകൾക്ക് വെങ്കല പദവിയും ആണ് നൽകുക. എ
ഡി.എം പി. അഖിലിൻ്റെ ചേമ്പറിൽ ചേർന്ന യോഗം ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കുവാനുള്ള ശ്രമങ്ങൾ ആകണം ഇനി ഉണ്ടാകേണ്ടതെന്ന് യോഗം വിലയിരുത്തി.
അതിർത്തികളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ദക്ഷിണ കാനറാ ജില്ലയിലെ ആരോഗ്യ വിഭാഗം ഉൾപ്പെടുന്ന ക്രോസ്‌ബോർഡർ യോഗം വിളിച്ചു ചേർക്കാനും പുതിയ സർക്കാർ ഉത്തരവ് കൂടി പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് രോഗബാധിതർക്കുള്ള ന്യൂട്രിഷൻ കിറ്റ് വിതരണത്തിനുള്ള പ്രൊജക്ട് തയ്യാറാക്കാൻ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ജില്ലാ ടിബി ഓഫീസർ ഡോ. ആരതി രഞ്ജിത്, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സന്തോഷ്‌ ബി., ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. എ.കെ. രേഷ്മ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.