വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസനമാതൃക സൃഷ്ടിക്കും: മുഖ്യമന്ത്രി

ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷൻ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ വളർച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയ മാലിന്യ സംസ്‌കരണം, നെറ്റ്  സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ശിൽപ്പശാലയുടെ ഭാഗമായുള്ള ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സഹായകരമാകുമെന്നാണ് സർക്കാർ  പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രതിപാദ്യവിഷയം ഹിമാനികളുടെ സംരക്ഷണമാണ്. ഹിമാനികൾ ഉരുകുന്ന വെള്ളം നമ്മുടെ പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നതാണ്. എന്നാൽ അനിയന്ത്രിമായ ഹിമാനികളുടെ ഉരുകൽ കാരണം  പരിസ്ഥിതിക്ക് വലിയ ദുരന്തം സംഭവിക്കും. ജലവിതാനം ഉയരുന്നത് പ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഈ വിഷയത്തിൽ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് ഹിമാനികളുടെ സംരക്ഷണം എന്ന പ്രമേയം ചർച്ച ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചു ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണ്. നദികളും കായലുകളും  സമുദ്രതീരവുമുള്ള  നമ്മുടെ നാടിന്റെ  ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്നത് അപകടകരമാണ്.

പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യവശം  കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഉണ്ടാവണം. കേരളം വലിയതോതിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്.  ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവും അനുബന്ധ റോഡ് റെയിൽവേ വികസനമടക്കം വേഗത്തിൽ പൂർത്തിയാവുകയാണ്. പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ ജല ലഭ്യത, കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാങ്കേതികമായി മാലിന്യ സംസ്‌കരണത്തിലടക്കം സാങ്കേതികസഹായം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ മാതൃകാപരമായ പ്രവർത്തനം നടത്തുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജലബജറ്റ് പാസാക്കുകയും അതനുസരിച്ച് തുടർപ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ജല സ്രോതസ്സുകൾ, പുൽമേടുകൾ, കനാലുകൾ ഇവയെല്ലാം ജല ലഭ്യത ഉറപ്പാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഇവയുടെ സംരക്ഷണം പ്രാദേശിക തലത്തിൽ ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടന്ന് മലിനീകരണമുണ്ടാകുന്നത് തടയാനും കഴിയണം. വാണിജ്യ സ്ഥാപനങ്ങളുടെയടക്കം ജലദുരുപയോഗം തടയുകയും പുനരൂപയോഗം പ്രോൽസാഹിപ്പിക്കുകയും വേണം. ഓടകൾ മഴവെള്ളം ഒഴുകി പോകുന്നതിന് നിർമ്മിച്ചവയാണ് ഇതിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് കർശനമായി തടയണം.

ജലലഭ്യത പ്രാദേശിക തലം വരെ ഉറപ്പുവരുത്തി ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന രീതി അടുത്ത മൂന്നു വർഷത്തിൽ പൂർണ്ണമായി നിർത്തലാക്കാനാണ്  ഉദ്ദേശിക്കുന്നത്. എല്ലാവർക്കും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള കർമ്മ പരിപാടിയാണ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. ഉപയോഗിക്കപ്പെടാത്ത പാറമടകൾ, മഴവെള്ള സംഭരണികൾ, മറ്റു ജലസ്രോതസ്സുകളടക്കമെല്ലാം ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കും. നവകേരളത്തിനായി പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യാൻ ശിൽപ്പശാലക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമയ്ക്ക് നൽകി പ്രകാശനം ചെയ്തു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ്പ് പ്രകാശനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. നെറ്റ് സീറോ കാർബൺ കേരളം കാമ്പയിൻ മാർഗരേഖ ഐ.ബി. സതീഷ് എം.എൽ.എ കെ.എസ്.ഡബ്ലിയു.എം.പി പ്രൊജക്റ്റ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്ക് നൽകി പ്രകാശനം ചെയ്തു. ‘നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ’ പ്രബന്ധ സമാഹാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കേരളം ഗ്രാമപഞ്ചായത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷിന് കൈമാറി പ്രകാശനം ചെയ്തു. മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനം ആസൂത്രണ ബോർഡംഗം ജിജു പി. അലക്സ് നിർവഹിച്ചു. നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ നിർവഹിച്ചു. പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ ആദരവ് നൽകി.

ചേംബർ ഓഫ് മുനിസിപ്പൽ അസോസിയേഷൻ ചെയർമാൻ എം. കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ രവിരാജ് ആർ., ക്ലീൻകേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും അറിയിച്ചു.

ജലസുരക്ഷ, പരിസ്ഥിതി പുനഃസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്.