സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സർക്കാർനയം. റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനുവേണ്ടി വകുപ്പുതലത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്മേലുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണ് യോഗം കൂടിയത്.
റേഷൻകടകളെ വൈവിധ്യവത്കരിച്ച് കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും ഇവ വഴി സർക്കാർ-അർധ സർക്കാർ-പൊതുമേഖലാ-സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനുമുള്ള അനുമതി നൽകുന്നത് പരിഗണിക്കാനും യോഗം തീരുമാനിച്ചു. റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തും. റേഷൻ വ്യാപാരികൾ, സെയിൽസ്മാൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിയ്ക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ അഡ്വ.ജി. സ്റ്റീഫൻ. എം.എൽ.എ., ജി. ശശിധരൻ, ജോൺ. പി.ജെ., (കേരളാ റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)), അഡ്വ.ജോണി നെല്ലൂർ എക്സ് എം.എൽ.എ., ടി. മുഹമ്മദലി, സി. മോഹനൻ പിള്ള (ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ), കെ.ബി. ബിജു, കാടാമ്പുഴ മൂസ, കെ.സി. സോമൻ, ടി. ഹരികുമാർ, കുറ്റിയിൽ ശ്യം, സുരേഷ് കാരേറ്റ് (കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ), എൽ. സാജൻ, എ. ഷെഫീക് (കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)) എന്നിവരും പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.