ദുരന്തവേളയിലെ രക്ഷാപ്രവർത്തനം ഓർത്തെടുക്കുകയാണ് ഡെപ്യൂട്ടി കമാന്റന്റ് കെ. കപിൽ
വയനാട് കളക്ടറേറ്റിലെ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ചു 2024 ജൂലൈ 30 ന് പുലർച്ചെ ദുരന്തമുഖത്ത് എത്തുമ്പോൾ ആ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മീനങ്ങാടി ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട എൻ.ഡി.ആർ.എഫിന്റെ 4-ഡി ബറ്റാലിയൻ ആണ് ദുരന്തമുഖത്ത് ആദ്യമെത്തിയ രക്ഷപ്രവർത്തന സംഘം.
ഞങ്ങൾ എത്തിയപ്പോൾ വെള്ളരിമല ഗവ. ഹയർസെക്കന്ററി സ്കൂൾ ഭാഗത്ത് മണ്ണും മലയും പാറക്കെട്ടുകളും ഒന്നായി ഇടിഞ്ഞുവന്ന സ്ഥിതിയായിരുന്നു. കടപുഴകി എത്തിയ വൻ മരങ്ങളും മുട്ടറ്റം ചളിയും. ഞൊടിയിടയിൽ തന്നെ കൃത്യമായ ആസൂത്രണത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്താൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ്, വീടിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചവരെയൊക്കെ രക്ഷപ്പെടുത്തി.
ചൂരൽമലയിൽ എത്തിയപ്പോൾ അവിടെ പാലം തന്നെ തകർന്നു പോയിരിക്കുന്നു. അങ്ങോട്ടേക്കുള്ള ബന്ധം പൂർണ്ണമായും അറ്റു. ഒറ്റപ്പെട്ടുപോയ നിലയിൽ 250 പേർ അവിടെ കുടുങ്ങി കിടപ്പുണ്ട്. അതിൽ ഗുരുതരമായി പരിക്കേറ്റവരും മരണപ്പെട്ടവരുമുണ്ട്.
അങ്ങോട്ടേക്ക് എത്തിപ്പെടാൻ കയറും ജെസിബിയും ഉപയോഗിച്ച് സിപ്പ്ലൈൻ നിർമിക്കുകയാണ് ഞങ്ങൾ ആദ്യം ചെയ്തത്. അത് ആദ്യ ഘട്ടത്തിലെ
രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ഈ സിപ്പ്ലൈൻ വഴിയാണ് ഗുരുതരമായി പരിക്കേറ്റവരെ ഇക്കരെ എത്തിച്ചത്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇത് വളരെയധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർച്ചയായുള്ള കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ഇരുട്ടും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചു. ഇതേ സിപ്പ്ലൈൻ വഴിയാണ് മുണ്ടക്കൈ ഭാഗത്തേക്ക് ഭക്ഷണവും മരുന്നും ആരോഗ്യ സംഘത്തെയും എത്തിച്ചത്. ഇന്ന് ഓർക്കുമ്പോൾ ആ സിപ്പ്ലൈൻ പ്രതീക്ഷയുടെ
നേർരേഖയായി മാറിയതായി തിരിച്ചറിയുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ എൻ.ഡി.ആർ.എഫിന്റെ ബംഗ്ലൂരു ആസ്ഥാനത്ത് നിന്നുള്ള 10-എച്ച്, കോഴിക്കോട് നിന്നുള്ള 4-കെ, ബംഗ്ലൂരുവിൽ നിന്ന് തന്നെയുള്ള 4-എൻ ബറ്റാലിയനുകളും എത്തിച്ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. മലപ്പുറത്ത് നിന്നുള്ള 4-ജെ ബറ്റാലിയൻ നിലമ്പൂരിൽ ചാലിയാറിന്റെ തീരത്താണ് തെരച്ചിലിൽ ഏർപ്പെട്ടത്.
ആഗസ്റ്റ് 5 ന് തെരച്ചിൽ നടത്തുന്നതിനിടയിൽ കാണാതായ 15 സന്നദ്ധ പ്രവർത്തകരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയതും എൻഡിആർഎഫ് സംഘമായിരുന്നു. എത്തിപ്പെടാൻ അതീവ ദുഷ്‌കരവും ചെങ്കുത്തായതും അത്യന്തം അപകട സാധ്യതയുള്ളതുമായ സ്ഥലത്തായിരുന്നു ഇവർ കുടുങ്ങിപ്പോയത്.
മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് നിന്ന് ആകെ 14 പേരെ രക്ഷപ്പെടുത്താനും 261 പേരെ അപകട സാഹചര്യങ്ങളിൽ നിന്ന് ഒഴിപ്പിക്കാനും 102 മൃതദേഹങ്ങൾ കണ്ടെടുക്കാനും എൻഡിആർഎഫിന് സാധിച്ചു.
എൻഡിആർഎഫ് കമാന്റെന്റ് അഖിലേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ചടുലമായി നടത്തിയത്.
ആർമി, ടെറിട്ടോറിയൽ ആർമി, കണ്ണൂരിൽ നിന്നുള്ള ഡിഫെൻസ് സെക്യൂരിറ്റി കോർപ്സ്, എംഇജി, കേരള പോലീസ്, അഗ്നിരക്ഷാ സേന, വനം വകുപ്പ് എന്നീ വിവിധ വിഭാഗങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം സാധ്യമാക്കിയത്.