എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ മാനേജ്‌മെന്റ് നടത്തുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് എന്നതിനാൽ നിയമന വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി വിവരാവകാശ കമ്മീഷൻ. ത്യാഗരാജാർ പോളിടെക്‌നിക് കോളേജ് അളഗപ്പനഗർ എന്ന സ്ഥാപനത്തിൽ മാനേജ്‌മെന്റ് നടത്തിയ ലക്ചറർ സിവിൽ തസ്തികയിലെ നിയമന വിവരങ്ങൾ ആവശ്യപ്പെട്ട് ടി.ഡി. സെബാസ്റ്റ്യൻ, തോണിക്കുഴിയിൽ വീട്, അത്താണി.പി.ഒ., തൃശൂർ നൽകിയ ഹർജി പരിഗണിച്ച് ഹർജിക്കാരൻ ആവശ്യപ്പെട്ട നിയമന വിവരങ്ങൾ നൽകുവാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് ഉത്തരവിട്ടു.
സർക്കാരും എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകളും തമ്മിലുള്ള കരാർ പ്രകാരവും സേവന വ്യവസ്ഥകൾ ആധാരമാക്കുന്ന സർക്കാർ സ്‌പെഷ്യൽ റൂൾ പ്രകാരവുമാണ് എയ്ഡഡ് പോളിടെക്‌നിക് കോളേജുകൾ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പൊതു അധികാര സ്ഥാനമാണ്. തത്സമയം പ്രാബല്യത്തിലുളള മറ്റേതെങ്കിലും നിയമത്തിൻ കീഴിൽ ഒരു പൊതു അധികാരസ്ഥാനത്തിന് പ്രാപ്യമാക്കാൻ കഴിയുന്ന വിവരം എന്ന നിലയിൽ മാനേജ്‌മെന്റ് എയ്ഡഡ് പോളിടെക്‌നിക് കോളേജിൽ നടത്തുന്ന നിയമന വിവരങ്ങൾ വിവരാവകാശ നിയമം വകുപ്പ് 2(f) ന്റെ പരിധിയിൽ വരുമെന്നും 10.03.2025 തീയതിയിലെ AP No. 1392(4)/2023/SIC എന്ന ഹർജിയിലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, എൻ.എസ്.എസ് പോളിടെക്‌നിക് കോളേജ്, പന്തളം, കാർമൽ പോളിടെക്‌നിക് കോളേജ്, ആലപ്പുഴ, ത്യാഗരാജാർ പോളിടെക്‌നിക് കോളേജ്, അളഗപ്പനഗർ, തൃശ്ശൂർ, എസ്.എസ്.എം പോളിടെക്‌നിക് കോളേജ്, തിരൂർ, മലപ്പുറം, സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നീ ആറ് എയ്ഡഡ് പോളിടെക്‌നിക് കോളേജുകളാണ് പ്രവർത്തിച്ചുവരുന്നത്.