സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡുകൾ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. മികച്ച തൊഴിലാളി ക്ഷേമ പദ്ധതികളും നയങ്ങളും പരിപാടികളും നടപ്പിലാക്കി കേരളത്തിന്റെ തൊഴിൽ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ തൊഴിൽ തർക്കങ്ങൾ, രാജ്യത്ത് തന്നെ മികച്ച കൂലി, തൊഴിൽസുരക്ഷ, വിവേചന രഹിത തൊഴിലിടങ്ങൾ തുടങ്ങി ഒട്ടേറെ മികച്ച സൂചകങ്ങളാണ് ഇപ്പോൾ തൊഴിലുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത്. തൊഴിലിടങ്ങളുടെ വളർച്ച തൊഴിലാളികളുടെ വ്യക്തിപരമായ വളർച്ചയുടെ ഏറ്റവും അടിസ്ഥാന ഘടകമാണെന്ന തിരിച്ചറിവ് തൊഴിലാളികൾക്കുണ്ട്. അതുകൊണ്ട് തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന നടപടികൾക്കൊപ്പം തൊഴിലുടമകൾക്ക്  ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കാനും സർക്കാർ അങ്ങേയറ്റം ശ്രദ്ധിക്കുന്നതായും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ഉയർച്ച തൊഴിലുടമകൾ ലക്ഷ്യമാക്കണം. തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുമ്പോൾ നിയമങ്ങളുടെയും നിർദ്ദേശങ്ങളുടെയും മാത്രം നൂലു പിടിക്കേണ്ടതില്ല.  തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉയർച്ചകൂടി  തൊഴിലുടമകൾ ലക്ഷ്യമാക്കി പ്രവർത്തിച്ചാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.  തൊഴിലാളികളുടെ വിയർപ്പിന്റെ കൂടി വിലയാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം എന്നത് മനസ്സിലാക്കിയാൽ സ്വമേധയാ അത്തരം തീരുമാനങ്ങളിലേക്കെത്താൻ ബുദ്ധിമുട്ടുണ്ടാകുകയില്ല.

തൊഴിലാളി തൊഴിലുടമാ ബന്ധം  കൂടുതൽ ദൃഢവും കാര്യക്ഷമവുമാക്കുന്നതിനും  അതത് മേഖലകളിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് സർക്കാർ ഈ മേഖലയിൽ അവാർഡുകൾ പ്രഖ്യാപിച്ചുട്ടുള്ളത്. മികച്ച തൊഴിലാളികൾക്കും തൊഴിലിടങ്ങൾക്കും അവാർഡുകൾ നൽകുന്ന ഒരേ ഒരു സംസ്ഥാനം നമ്മുടേതാണ്. 19 മേഖലയിലെ തൊഴിലാളികൾക്കും 13 മേഖലകളിലെ തൊഴിലിടങ്ങൾക്കും സർക്കാർ അവാർഡ് നൽകിവരുന്നു. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴിൽനിയമ പരിപാലനം എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു.

അവാർഡിന് അർഹമായ ടാറ്റ പ്രൊജക്ട് ലിമിറ്റഡ് തിരുവനന്തപുരം (നിർമ്മാണം), അർത്ഥ ഫൈനാൻഷ്യൽ സർവീസസ് കോഴിക്കോട് (ധനകാര്യം), കിംസ് ഹെൽത്ത് കെയർ മാനേജ്‌മെന്റ്‌ ലിമിറ്റഡ്  തിരുവനന്തപുരം (ആശുപത്രി), ഹോട്ടൽ അബാദ് എറണാകുളം  (ഹോട്ടൽ), സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്  തിരുവനന്തപുരം (ഇൻഷുറൻസ്), എസ് ബി സോൾ ഡിജിറ്റൽ പ്രൈ. ലിമിറ്റഡ് എറണാകുളം (ഐ.ടി.), ആലുക്കാസ് ജുവലറി കോഴിക്കോട് (ജുവലറി), ഡോ. ഗിരിജാസ് ഡയഗ്‌നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരം  (മെഡിക്കൽ ലാബ് / എക്സ്റേ / സ്‌കാനിംഗ് സെന്റർ), കേരള എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ  എറണാകുളം (സെക്യൂരിറ്റി), ക്രൗൺ പ്ലാസ എറണാകുളം (സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും), ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം (സൂപ്പർ മാർക്കറ്റ്),  ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ്  കോട്ടയം (ടെക്സ്റ്റയിൽ) എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക്  മന്ത്രി അവാർഡുകൾ സമ്മാനിച്ചു.

ആന്റണി രാജു എം.എൽ.എ  അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്  ആർ ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി. സെക്രട്ടറി അഡ്വ. ആർ സജിലാൽ, ബി.എം.എസ് പ്രസിഡണ്ട് ശിവജി സുദർശൻ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നാഷണൽ ഐആർ കമ്മിറ്റി അംഗം മധു ദാമോദരൻ,   കേരള മർച്ചന്റ്‌സ് ചേമ്പർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ്  പി ഡി മനോജ് കുമാർ,  തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.