കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേർന്ന് ആറളം ഫാമില്‍ അദാലത്ത് നടത്തി. ആധികാരിക രേഖകള്‍ ലഭ്യമാക്കാനും പരാതി പരിഹാരങ്ങള്‍ക്കുമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച്‌ ആറളം ഫാം ഗവ. ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ അദാലത്തില്‍ ആകെ 301 പരാതികളാണ് പരിഗണിച്ചത്. അതില്‍ 223 എണ്ണം തീര്‍പ്പാക്കി. ശേഷിച്ചവ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി തദ്ദേശ സ്വയംഭരണം, റവ്യന്യൂ, ഐടിഡിപി, കെഎസ് ഇ ബി, കെ ഡബ്ല്യുഎ, പോലീസ്, വനം, എക്‌സൈസ്, സിവില്‍ സപ്ലൈസ്, സാമൂഹ്യനീതി, വനിതാ ശിശുവിഅകസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി,ഡി എല്‍ എസ് എ, പിഡബ്ല്യുഡി കെട്ടിടം, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ചാണ് അദാലത്ത് നടത്തിയത്.

അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥി ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിണ്ട് കെ.പി. രാജേഷ്, കണ്ണൂര്‍ റൂറല്‍ എസ്‍പി അനുജ് പലിവാൽ, തലശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ജില്ലാ സബ് ജഡ്ജിയും ഡിഎല്‍എസ്എ സെക്രട്ടറിയുമായ പി. മഞ്ജു, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. പ്രസാദ്, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.