സുസ്ഥിര വികസന മാതൃകയായി ഐക്യരാഷ്‌ട്രസഭ അംഗീകരിച്ച ഇടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടുകള്‍ കാണാനും പദ്ധതിയുടെ പുരോഗതി പഠിക്കാനുമായി യുണൈറ്റഡ്‌ നേഷന്‍സ്‌ അക്കാഡമിക്‌ ഇംപാക്ടിന്റെ പ്രതിനിധികള്‍ ജില്ലയിലെത്തി. പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ഫിഷറീസ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം യു. എന്‍. ഐ. മേധാവി രാമുദാമോദരന്‍, പ്രതിനിധി സജി ചരുവില്‍ തോമസ്‌ എന്നിവരാണ്‌ പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ചത്‌.

പെരിനാട്‌ പഞ്ചായത്തിലെ പാലക്കട ജയന്തി കോളനിയില്‍ ഓട്ടിസം ബാധിതനായ മകനുമൊത്ത്‌ കഴിയുന്ന സേമന്‍-ലീല ദമ്പതികള്‍ക്കായി വച്ചു നല്‍കിയ വീട്ടിലാണ്‌ ആദ്യമെത്തിയത്‌. ടി. കെ. എം. എഞ്ചിനീയറിംഗ്‌ കോളജ്‌ വികസിപ്പിച്ച നൂതന നിര്‍മാണവിദ്യയിലൂടെ പൂര്‍ത്തിയാക്കിയ വീടാണിത്‌.

നിര്‍മാണവൈദഗ്‌ധ്യവും പദ്ധതിയുടെ പ്രവര്‍ത്തനരീതിയും യു. എന്‍. പ്രതിനിധികള്‍ വിലയിരുത്തി. തലചായ്‌ക്കാനൊരു വീടിന്റെ സുരക്ഷ ആവശ്യമുള്ള കുടുംബത്തിനായി നാലു ലക്ഷം രൂപ ചെലവില്‍ അതു നല്‍കിയ ടി. കെ. എം. കോളജിന്റെ പ്രവര്‍ത്തനത്തെ അവര്‍ അഭിനന്ദിച്ചു. സുസ്ഥിര വികസനമാതൃക എന്ന നിലയ്‌ക്ക്‌ ഇടംപദ്ധതി ആഗോളമാതൃകയാക്കാമെന്നും അഭിപ്രായപ്പെട്ടു.

പ്രളയാനന്തര പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പദ്ധതിക്ക്‌ വലിയ സാധ്യകളാണ്‌ ഉള്ളതെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി അതിവേഗമാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കാനാകുന്നത്‌. മണ്‍ട്രോതുരുത്തില്‍ 28 ദിവസം മാത്രമെടുത്ത്‌ വീടു നിര്‍മിക്കാനായി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാലതാമസം വരില്ലെന്ന ഉറപ്പാണ്‌ ഈ പശ്ചാലത്തില്‍ നല്‍കാനാകുന്നത്‌.

യു. എന്‍. ആസ്ഥാനത്ത്‌ അവതരിപ്പിച്ച്‌ അംഗീകാരം നേടിയ പ്രവര്‍ത്തനങ്ങളില്‍ അതിവേഗ പുരോഗതി കൈവരിക്കാനായി. സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയായ ലൈഫിന്റെ കൂടി ഭാഗമായി ഇടം പദ്ധതി മാറുമ്പോള്‍ എല്ലാവര്‍ക്കും വീടെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌്‌ പ്രസിഡ്‌ന്റ്‌ സി. സന്തോഷ്‌, പെരിനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍. അനില്‍, കയര്‍ഫെഡ്‌ ഡയറക്‌ടര്‍ എസ്‌. എല്‍. സജി കുമാര്‍, ടി. കെ. എം. എഞ്ചിനീയറിംഗ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ എസ്‌. അയൂബ്‌, ഇടംപദ്ധതി കോര്‍ഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്‌, യു. എന്‍. എ. ഐ. സ്റ്റുഡന്റ്‌ കോര്‍ഡിനേറ്റര്‍ ആസിഫ്‌ അയൂബ്‌ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

പാലക്കട കോളിനിയില്‍ നിന്ന്‌ മണ്‍ട്രോതുരുത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളും സംഘം സന്ദര്‍ശിച്ചു.