ഇനിവരുന്നൊരു തലമുറയ്‌ക്ക്‌ ഇവിടെ വാസം സാധ്യമോ… ഒഡീഷക്കാരന്‍ സിനാ ഹസ്‌ത ഈണത്തില്‍ പാടി, പിന്നാലെ കൂടി ഹരി മര്‍മിയും തനുവും. ഒരു വര്‍ഷം മുമ്പ്‌ മഹാനവമിക്ക്‌ മലയാളത്തില്‍ കുറിച്ച ഹരിശ്രീ മാത്രമല്ല മലയാളത്തിലെ അക്ഷരങ്ങളെല്ലാം അറിയാം ഈ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്‌. എഴുത്തിനിരുത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക്‌ മുന്നിലാണ്‌ മലയാളം പഠിതാക്കളായ ഇവര്‍ കവിത മൂളിയത്‌.

പാലക്കടയിലെ വിജ്ഞാനവാടി സാക്ഷരതാ പഠന കേന്ദ്രത്തിലാണ്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ചങ്ങാതി ഭാഷാപഠന പദ്ധതി നടപ്പിലാക്കുന്നത്‌. പ്രദേശത്ത്‌ ജോലിചെയ്യുന്നവരും താമസിക്കുന്നവരുമെല്ലാം മലയാള പഠനത്തിനായി ഇവിടെയുണ്ട്‌.

എഴുതാനും വായിക്കാനുമെല്ലാം വളരെ വേഗത്തില്‍ തന്നെ പഠിച്ച തൊഴിലാളികളെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിനന്ദിച്ചു. പിന്നീട്‌ അവര്‍ക്കൊപ്പം മലയാളത്തിലെ കവിതകള്‍ ഏറ്റു പാടി. ഇടം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ്‌ മന്ത്രി പഠന കേന്ദ്രത്തിലെത്തിയത്‌.

മണ്ഡലത്തിന്റെ സമഗ്രവികസനത്തിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ വരെയത്തുന്നുവെന്ന്‌ തൊഴിലാളികളുടെ ഭാഷാപഠനം വ്യക്തമാക്കുന്നതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഐക്യരാഷ്‌ട്രസഭാ പ്രതിനിധികളായ രാമു ദാമോദരനും സജി സി. തോമസും വിലയിരുത്തി.

ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സന്തോഷ്‌, പെരിനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍. അനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി അധ്യക്ഷ എസ്‌. ശ്രീകുമാരി, പഞ്ചായത്ത്‌്‌ അംഗങ്ങളായ കെ. സോമവല്ലി, ജി. വിശ്വനാഥന്‍, വി. ശോഭ, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. കെ. പ്രദീപ്‌ കുമാര്‍, പ്രവര്‍ത്തകരായ ഇന്ദിര ധര്‍മരാജ്‌, ജെ. ലീലാമണി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.