പട്ടികവർഗ്ഗവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേയും 112 ഹോസ്റ്റലുകളിലെയും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ 4-ാമത് സംസ്ഥാനതല കായികമേള കളിക്കളം-2018 സമാപിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, നിയമ, സാസ്‌കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി  എ.കെ ബാലൻ സമാപനസമ്മേളനത്തിന്റെ  ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിച്ചു.
864 പട്ടികവർഗ്ഗവിദ്യാർത്ഥികൾ 19 ഇനങ്ങളിൽ മത്സരിച്ച കായിക മേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കരസ്ഥമാക്കി. വയനാട് ജില്ലയിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ റണ്ണറപ്പായി. മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ  മണികണ്ഠൻ.പി. സീനിയർ ആൺകുട്ടികളിലെ വേഗതയേറിയ താരമായി.   ചാലക്കുടി  മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അനു.എം   സീനിയർ പെൺകുട്ടികളിലെ വേഗതയേറിയ താരമായി.
സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ മലമ്പുഴ മോഡൽ  റസിഡൻഷ്യൽ സ്‌കൂളിലെ നാഗരാജ്.സി 1.81 മീറ്റർ ചാടി മേളയിൽ  ശ്രദ്ധിക്കപ്പെട്ടു.
കായികമേളയിലെ ട്രാക്ക് & ഫീൽഡ്, നീന്തൽ മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി. പി. സ്റ്റേഡിയത്തിലും  ഷട്ടിൽ ബാഡ്മിന്റൻ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലും വച്ചാണ് സംഘടിപ്പിച്ചത്.  എൽ.എൻ.സി.പി.യിലെ കായികഅദ്ധ്യാപകരുടെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ആവശ്യമായ തുടർ പരിശീലനം നൽകുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ പട്ടികവർഗ്ഗ വികസനവകുപ്പ് ഡയറക്ടർ ഡോ.പി. പുഗഴേന്തി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ വി ശശീന്ദ്രൻ നന്ദിയും പറഞ്ഞു.