പട്ടയവിതരണവും പോക്കുവരവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കുന്നതിനും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റവന്യു വകുപ്പ് നിർദ്ദേശം നൽകി. ഹർജികൾ സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദേശം.
പട്ടയത്തിനായി ലഭിക്കുന്ന അപേക്ഷകൾ നിലവിലുള്ള നിയമപ്രകാരം അർഹത പരിശോധിച്ച്  സമയ ബന്ധിതമായി കൃത്യതയോടും സുതാര്യതയോടും നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. പട്ടയവിതരണവുമായി ബന്ധപ്പെട്ട വീഴ്ചകളും കൃത്യവിലോപങ്ങളും കണ്ടെത്തി പരിഹരിക്കണം. അർഹരായ എല്ലാവർക്കും പട്ടയം അനുവദിക്കുക എന്ന സർക്കാർ നയത്തിനു മുൻഗണന നൽകി പട്ടയ വിതരണ നടപടികൾ സ്വീകരിക്കണം.  സമയാസമയങ്ങളിൽ ജില്ലാ കളക്ടർമാർ പട്ടയ വിതരണ നടപടികൾ അവലോകനം ചെയ്യണം. കൂടാതെ പോക്കുവരവ് നടപടികൾ കുറ്റമറ്റ രീതിയിലും ത്വരിതഗതിയിലും നടപ്പാക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉൾപ്പെടെയുള്ള  നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുകയും അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യണം. ഈ നിർദേശങ്ങൾ വ്യതിചലിക്കുന്നത് അച്ചടക്ക രാഹിത്യമായി കണക്കാക്കുമെന്നും നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ  അറിയിച്ചു.