മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ദേശീയ കോൺക്ലേവായ വൃത്തി-2025 ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ പൂര്‍ത്തിയാകുന്നു. പൂര്‍ണമായും ഹരിതചട്ടങ്ങൾ പാലിച്ചും മാലിന്യത്തെ വിഭവങ്ങളും സൗന്ദര്യവുമാക്കി മാറ്റുകയെന്ന ആശയത്തെ ഉള്‍ക്കൊണ്ടുമാണ് ‘വൃത്തി’ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ചിട്ടുള്ള ഓലപ്പുരകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് നിര്‍മിക്കുന്ന ഇൻസ്റ്റലേഷനുകളുമെല്ലാം കോണ്‍ക്ലേവിനെ കൂടുതൽ ആകര്‍ഷകമാക്കും.

വ്യത്യസ്തമായ വിഷയങ്ങളില്‍ ചർച്ചകളും അവതരണങ്ങളും നടക്കുന്നത് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുള്ള ഓലപ്പുരകളിലാണ്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിലുള്‍പ്പെടെ വിവിധയിടങ്ങളിൽ വർണ്ണങ്ങളാൽ ചാലിച്ച് പല രൂപത്തിൽ പ്രത്യക്ഷമാകുന്ന ഇന്‍സ്റ്റലേഷനുകൾ പാഴ്വസ്തുക്കൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ അടിസ്ഥാന തത്വങ്ങളായ ഉപയോഗം കുറയ്ക്കൽപുനരുപയോഗംപുന:ചംക്രമണം (Reduce, Reuse and Recycle)  എന്നിവയില്‍ അധിഷ്ഠിതമാണ് ഈ കലാരൂപങ്ങൾ. കാലാകാലങ്ങളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്ന ഇത്തരം വസ്തുക്കളുടെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം കൂടിയായി ഇവ മാറും. ജൈവ-അജൈവ മാലിന്യങ്ങളുടെ കൃത്യവും സൂക്ഷ്മവുമായ സംസ്കരണത്തിനുള്ള സൗകര്യവും കോൺക്ലേവ് വേദിയിലെ മുഖ്യ ഘടകമാണ്.

അഞ്ച് ദിവസം നീളുന്ന ദേശീയ കോൺക്ലേവിന്റെ സുഗമവും സമഗ്രവുമായ നടത്തിപ്പിനായി വിദ്യാർത്ഥികളും യുവജനങ്ങളും അടങ്ങുന്ന വോളണ്ടിയർ സംഘത്തിനുള്ള പരിശീലനവും കനകക്കുന്നില്‍ നടക്കുന്നുണ്ട്. കോൺക്ലേവിനോടനുബന്ധിച്ച് ചലച്ചിത്ര താരങ്ങളുൾപ്പെടെയുള്ള കലാകാരൻമാർ പങ്കെടുക്കുന്ന കലാപരിപാടികൾക്കായി നിശാഗന്ധി ഓഡിറ്റോറിയവും തയ്യാറായിക്കഴിഞ്ഞു. 

മാലിന്യസംസ്കരണത്തിന്റെ ഏറ്റവും ഫലപ്രദമായ മാതൃകകൾ അടങ്ങുന്ന മാതൃകാഗ്രാമവും കനകക്കുന്നിലെ മുഖ്യ ആകർഷണമാവും. മാലിന്യസംസ്കരണം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് നൂറോളം സ്റ്റാളുകളും ഒരുങ്ങുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോൺഫഫറൻസ്സെമിനാർവർക്ക്ഷോപ്പ് സെഷനുകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.