ടൂറിസം മേഖലയിൽ കേരളം മത്സരിക്കുന്നത് ലോക രാജ്യങ്ങൾക്കൊപ്പം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊന്മുടിയിൽ പുതുതായി നിർമ്മിച്ച സർക്കാർ അതിഥി മന്ദിരം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായാണ് കേരളം മത്സരിക്കുന്നതെന്നും സാധ്യമാകുന്ന പുതിയ ആശയങ്ങളെല്ലാം നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ സഞ്ചാരികളുടെ വർദ്ധനവ് ലക്ഷ്യമിട്ട് പരമ്പരാഗത വിപണിക്ക് പുറമേ കൂടുതൽ രാജ്യങ്ങളിലേക്കും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലുക്ക്‌ ഈസ്റ്റ്‌ പോളിസി നടപ്പാക്കുകയാണ്. ചൈന മുതൽ ഓസ്ട്രേലിയ വരെ നീണ്ടുകിടക്കുന്ന രാജ്യങ്ങളിൽ മാർക്കറ്റിംഗ് ശക്തമാക്കും. ഇതിന്റെ ഭാഗമായി മലേഷ്യൻ എയർലൈൻസുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും എത്തും. ചൈന, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് എത്തുക. പുതിയ മാർക്കറ്റുകൾ കണ്ടെത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങൾക്ക് നല്ല തുടക്കമാകും ഇതെന്നും മന്ത്രി പറഞ്ഞു.

കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുതിപ്പ് നമ്മുടെ സംസ്ഥാനത്തുണ്ടായി. ടൂറിസം ജനങ്ങൾക്ക് വേണ്ടിയാണ്, ജനങ്ങളാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷത്തിനേക്കാൾ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

നാല് നിലകളിലായി 22 റൂമുകളാണ് 12 കോടി 27 ലക്ഷം രൂപ ചെലവഴിച്ച് പൊന്മുടിയിൽ നിർമ്മിച്ചിട്ടുള്ളത്. ഗസ്റ്റ് ഹൗസുകൾ ഇനിയും നവീകരിച്ചു മുന്നോട്ടു പോകണം എന്നുള്ളതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. കേരളത്തിൽ 212 റൂമുകൾ കൂടി ഈ വർഷം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ 39 റൂമുകളുടെ പുതിയ ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കന്യാകുമാരിയിലും ഗുരുവായൂരും സുൽത്താൻ ബത്തേരിയിലും പഴയ ബ്ലോക്കിന്റെ നവീകരണം പൂർത്തിയാക്കി. വർക്കലയും പീരുമേടും ആലുവയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം യാത്രി നിവാസിന്റെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ഡി കെ മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ തുടങ്ങിയവർ പങ്കെടുത്തു.