2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന് ചെലവഴിക്കാൻ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതിൽ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളർഷിപ്പുകൾ, ലംപ്സ്ം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് തുക നൽകുന്നത്. 2024-25 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗക്കരായ 585 വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉന്നത സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് അവസരം ഒരുക്കി. ഇതിന് 81.59 കോടി രൂപയാണ് ചെലവഴിച്ചത്.

സാമൂഹികമായ പുരോഗതിക്ക് വേണ്ടി സംസ്ഥാന സർക്കാർ വളരെയെറെ ഇടപെടലുകൾ ഈ വർഷം നടപ്പിലാക്കുകയുണ്ടായി. ലൈഫ് മിഷൻ വഴി 1,27,377 പേർക്കാണ് ഭവനം ഉറപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ട 1,755 പേർക്ക് 85 ഏക്കർ ഭൂമി വാങ്ങി നൽകാനും ഇക്കാലയളവിൽ കഴിഞ്ഞു. ആയതിന് വേണ്ടി 70.64 കോടി രൂപ ചെലവഴിച്ചു.  ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. 

വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് മികച്ച ഭൗതിക സാഹചര്യം ഒരുക്കി നൽകുക എന്ന ലക്ഷ്യത്തോടെ 4,568 പേർക്ക് പഠന മുറികൾ നിർമ്മിച്ചു നൽകുകയും 3,273 പേർക്ക് പുതിയതായി പഠന മുറി അനുവദിക്കുകയും ചെയ്തു.

 പണി പൂർത്തീകരിക്കാത്ത വീടുകളുടെ പണി പൂർത്തീകരിച്ച് സുരക്ഷിത ഭവനം നൽകുന്ന വകുപ്പിന്റെ അഭിമാന പദ്ധതിയായ സേഫ് വഴി കഴിഞ്ഞ വർഷം മാത്രം 6,622 പേർക്ക് ഭവനം ലഭിക്കുകയുണ്ടായി. കൂടാതെ മുൻ വർഷങ്ങളിൽ അനുവദിച്ച 4,165 വീടുകൾ പൂർത്തികരിച്ച്  വാസയോഗ്യമാക്കുകയും ചെയ്തു.

പട്ടികജാതി വിഭാഗത്തിലെ ഏറ്റവും ദുർബ്ബല വിഭാഗത്തിൽപെടുന്ന 2,184 പേർക്ക് വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി  48.70 കോടി രൂപ ചെലവഴിക്കുകയുണ്ടായി. സംസ്ഥാനത്താകെ ചികിത്സാ ധനസഹായമായി 29.28 കോടി രൂപ നടപ്പ്‌ സാമ്പത്തിക വർഷം ചെലവഴിക്കയുണ്ടായി.  ആയതിന്റെ പ്രയോജനം 13,183 പേർക്ക് ലഭിക്കുകയും ചെയ്തു.

പട്ടികജാതി നഗറുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കർ ഗ്രാമ പദ്ധതി പ്രകാരം വിവിധ വികസന പ്രവർത്തികൾക്കായി 32.72 കോടി രൂപ ചെലവഴിക്കയുണ്ടായി.  ആയതിന്റെ പ്രയോജനം സംസ്ഥാനത്തൊട്ടാകെ 806 നഗറുകൾക്ക് ലഭിക്കുകയും സമഗ്രമായ മാറ്റങ്ങൾ ഈ പ്രദേശങ്ങളിൽ സാധ്യമാക്കുകയും ചെയ്തു.