മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

ലോക മലമ്പനി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു.മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

മലമ്പനി നിവാരണം ചെയ്യുന്നതിനായി കൃത്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. അതിൽ വലിയ തോതിൽ വിജയം കൈവരിക്കാൻ നമുക്കായിട്ടുണ്ട്. പക്ഷേ നമ്മൾ നേരിടുന്ന വെല്ലുവിളി മറ്റ് ഇടങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് മലമ്പനി കണ്ടെത്തുന്നു എന്നുള്ളതാണ്. അവരിൽ നിന്നും മറ്റുള്ളവരിലേക്ക് മലമ്പനി പകരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തൊഴിൽ കോൺട്രാക്ടർമാർ, തൊഴിൽ വകുപ്പ്, മറ്റ് വകുപ്പുകൾ എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

2027-ഓട് കൂടി മലേറിയ നിവാരണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മലേറിയ കേസുകൾ ഏറ്റവും കുറവുള്ള കാറ്റഗറി വണ്ണിലാണ് കേരളം ഉൾപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളും കാറ്റഗറി വണ്ണിലാണ് വരുന്നത്. എന്നാൽ ചില തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ തദ്ദേശീയ മലേറിയ റിപ്പോർട്ട് ചെയപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ 8 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്യപ്പെടാത്ത 1019 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർഗോട് എന്നീ ജില്ലകളും നിലവിൽ മലമ്പനി നിവാരണ പ്രഖ്യാപനത്തിന് അർഹമാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും മലമ്പനി നിവാരണ പ്രഖ്യാപനത്തിന് ആവശ്യമായ രേഖകളും പ്രവർത്തന റിപ്പോർട്ടുകളും തയ്യാറാക്കുക എന്നതാണ് 2025 ലോക മലേറിയ ദിനാചാരണത്തിന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അതിഥി തൊഴിലാളികളുടെയും മലേറിയ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരുടേയും നിരീക്ഷണം പ്രധാനമാണ്. ഇവരിൽ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുവാൻ നമുക്ക് സാധിക്കും.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ കെ. ഗോപാൽ, ആരോഗ്യ കേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനോജ് എസ്., സംസ്ഥാന മാസ് എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.