ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ  ഉൾപ്പെടുത്താം. കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ, കർഷകന്റെ മരണം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക.

65,000 രൂപ വരെ മതിപ്പ് വിലയുള്ള ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1,356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് വിഹിതം. മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3,319 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 1,892 രൂപയുമാണ് വിഹിതം. 100 രൂപ പ്രീമിയത്തിൽ ഉടമകൾക്ക് അപകട മരണ ഇൻഷുറൻസ് പരിരക്ഷക്കും അർഹതയുണ്ടാകും. പരമാവധി അഞ്ച് ലക്ഷം രൂപയാണ് വ്യക്തിഗത അപകട പരിരക്ഷ. അതത് തദ്ദേശസ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെട്ട് പദ്ധതിയിൽ അംഗമാകാം.
ഗോസമൃദ്ധിയിലൂടെ 2.5 ലക്ഷം കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ A-HELP (Accredited Agent for Health and Extension of Livestock Production) എന്ന കർമ്മസേന പ്രവർത്തിക്കുന്നുണ്ട്. ക്ഷീരരംഗത്തെ മുന്നേറ്റത്തിന് കരുത്തേകുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണിവ.
—-
കരുത്തോടെ കേരളം- 8