സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ ഒരു ശൃംഖല ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 210 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളുടെ പ്രവർത്തനം സംബന്ധിച്ച പ്രോസ്പെക്ടസ് പ്രകാശനം ചെയ്തു. 210 എസ് ഡി സി കളിലായി 420 നൈപുണി പരിശീലന ബാച്ചുകളാണ് ആരംഭിക്കുന്നത്. ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം ലഭിക്കും. ഇങ്ങനെ ആദ്യ ബാച്ചിൽ തന്നെ പതിനായിരത്തി അഞ്ഞൂറ് പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളാണ് ആരംഭിക്കുന്നത്. പരമ്പരാഗത തൊഴിൽ കോഴ്സുകളിൽ നിന്ന് വിഭിന്നമായി തികച്ചും ആധുനികമായ തൊഴിൽ മേഖലകളെ പ്രതിനിധീകരിക്കുന്ന കോഴ്സുകളാണ് എസ് ഡി സി കളിൽ നൽകുന്നത്. ദേശീയ യോഗ്യതാ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ കോഴ്സുകളാകയാൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാകും പരിശീലന ശേഷം ലഭിക്കുക. ഓരോ സ്കിൽ ഡെവലപ്മെന്റ് സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതം ആകെ നാൽപത്തിയഞ്ച് കോടിയിൽപരം രൂപ ഇതിനായി നൽകിയിട്ടുണ്ട്.
മേയ് 8 മുതൽ 210 സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ നിന്നും അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷകളും ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം മേയ് 15 വരെ എസ് ഡി സികളിൽ സമർപ്പിക്കാം. മേയ് 16, 17 തീയതികളിൽ ഇന്റർവ്യൂ നടത്തി. 21ന് പരിശീലന ക്ലാസുകൾ ആരംഭിക്കും. സ്കൂൾ വെക്കേഷൻ കാലത്ത് ആഴ്ചയിൽ 5 ദിവസം പരിശീലനമുണ്ടായിരിക്കും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പൊതു/ പ്രാദേശിക അവധി ദിവസങ്ങളിലുമായിരിക്കും പരിശീലനം. പരിശീലന ശേഷം കോഴ്സ് വിജയിക്കുന്നവർക്ക് തൊഴിൽ മേഖലകളിലൂടെയും വിജ്ഞാന കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിൽ ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.