മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മേഖലാ അവലോകന യോഗങ്ങൾക്ക് മെയ് 8ന് തുടക്കം കുറിക്കും. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് മേഖലാ അവലോകന യോഗങ്ങൾ‍ നടത്തുന്നത്.

പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നീ മേഖലകളിൽ യഥാക്രമം മെയ് 8, 15, 26, 29 തീയതികളിൽ നടക്കും. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളാണ് 8-ാം തീയ്യതിയില യോഗത്തിന്റെ ഭാഗമാകുന്നത്. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഓരോ യോഗത്തിലും ബന്ധപ്പെട്ട ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും അവ ത്വരിതപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയും തടസ്സങ്ങളുണ്ടെങ്കിൽ ഉയർന്ന തലത്തിൽ ചർച്ചചെയ്ത് പരിഹരിക്കുകയും ചെയ്യും.

2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ആദ്യ മേഖലാ യോഗങ്ങൾ നടന്നത്. 956 വിഷയങ്ങളാണു അന്ന് സംസ്ഥാനത്താകെ യോഗങ്ങളിൽ പരിഗണിക്കുന്നതിനായി കണ്ടെത്തിയിരുന്നത്. ഇതിൽ 151 വിഷയങ്ങൾ അവിടെ ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. 2023 ലെ മേഖല അവലോകന യോഗങ്ങളുടെ ഫലപ്രാപ്തിയാണ് വീണ്ടും അത്തരത്തിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ പ്രേരകമായത്.

മൂന്ന് വിഭാഗത്തിൽപ്പെടുന്ന വിഷയങ്ങളാണ് ഈ വർഷത്തെ മേഖലാ യോഗങ്ങളിൽ പരിഗണിക്കുന്നത്. 2023 ലെ യോഗങ്ങളിൽ പരിഗണിച്ചവയും എന്നാൽ തീർപ്പ് കൽപ്പിക്കാൻ കഴിയാത്തവയും, മുഖ്യമന്ത്രി എം.എൽ.എ.മാരുമായി നടത്തിയ യോഗങ്ങളിൽ എം.എൽ.എ.മാർ ഉന്നയിച്ച മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങളും, ജില്ലാ കളക്ടർമാർ പുതുതായി കണ്ടെത്തിയ ജില്ലയിലെ വികസന പ്രവർത്തനങ്ങളുമാണ് പരിഗണിക്കുന്നത്. ഇതിനുപുറമെ നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളും ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണ പദ്ധതിയും ഇത്തരം യോഗങ്ങളിൽ വിലയിരുത്തുന്നു. ഈ വിഭാഗങ്ങളിലായി 1036 വിഷയങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ 201 എണ്ണത്തിൽ ഇതിനോടകം തന്നെ സർക്കാർ തലത്തിൽ പരിഹാരം കാണാനായിട്ടുണ്ട്. 124 വിഷയങ്ങളിൽ അടുത്ത 6 മാസത്തിനുള്ളിൽ പരിഹാരം കാണാനാകുമെന്ന് വിലയിരുത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം പ്രശ്നങ്ങൾ ജില്ലാ കളക്ടർമാർ വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതുകയും അത് ഫയലായി രൂപാന്തരപ്പെട്ട് വിവിധ തലങ്ങളിൽ കൈകാര്യം ചെയ്ത് തീരുമാനത്തിലെത്തി ചേരാൻ ഒട്ടേറെ കാലവിളംബത്തിന് കാരണമാകും. എന്നാൽ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി കണ്ടെത്തുന്ന വിഷയങ്ങൾ ഇത്തരം കത്തിടപാടുകൾക്കപ്പുറം ഉദ്യോഗസ്ഥർ നേരിട്ടുതന്നെ ആശയവിനിമയം നടത്തി പരിഹരിക്കുകയാണ് ചെയ്യുന്നത്. സർക്കാർ മുൻഗണന നൽകുന്ന പദ്ധതികളായ അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം, മാലിന്യ മുക്ത നവകേരളം​ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വിലയിരുത്തും.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പുരോഗമിക്കുന്ന ചെറുതും വലുതുമായ മുഴുവൻ പദ്ധതികളും ഇത്തരം യോഗങ്ങളിൽ വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും ഒരുമിച്ച് ഒരു വേദിയിൽ ഒത്തുകൂടുന്നതുകൊണ്ടുതന്നെ തീരുമാനങ്ങൾ കൈക്കൊള്ളാനും തടസ്സങ്ങൾ മാറ്റാനും കഴിയുന്നു. ഈ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള വിഷയങ്ങളിൽ തീർപ്പ് കൽപിക്കാനാകാത്തവ സെക്രട്ടറിമാർ നിരീക്ഷിക്കുകയും സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യും.