കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലുടനീളം സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിലാണ് മോക്ക്ഡ്രിൽ നടന്നത്.മോക്ക്ഡ്രിൽ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
അപായ സൂചന നൽകുന്നതിനുള്ള നീണ്ട അലാറം വൈകിട്ട് കൃത്യം നാലു മണിക്ക് വിവിധ കേന്ദ്രങ്ങളിൽ മുഴങ്ങി. 104 സ്ഥലങ്ങളിലാണ് സൈറൺ പ്രവർത്തിപ്പിച്ചത്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചിഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിപ്പിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ കൂടി സഹായത്തിലാണ് മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപായ സൂചന നൽകുകയും അവസാനിക്കുകയും ചെയ്യുന്ന അലാറം പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും അപകട സൂചന നിലനിൽക്കുന്ന സമയങ്ങളിൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നുള്ള ബോധവൽക്കരണം നടത്തുകയുമാണ് മോക്ക് ഡ്രിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.
പൊലീസ്, ഫയർ ആന്റ് റസ്‌ക്യു, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രില്ലിന്റെ ഭാഗമായി. ഫയർ ആന്റ് റസ്‌ക്യു വിഭാഗത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് വോളണ്ടിയർമാരും മോക്ക്ഡ്രില്ലിൽ പങ്കാളികളായി. വിവിധയിടങ്ങളിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ചും മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. പൊതുഇടങ്ങളും ഓഫീസുകളുമെല്ലാം ഇതിന്റെ ഭാഗമായി. സൈറൺ മുഴങ്ങിയതോടെ നേരത്തെ നിർദ്ദേശിച്ചതനുസരിച്ച് ലൈറ്റുകൾ എല്ലാം അണയ്ക്കുകയും ജനാലകൾ അടച്ച് വെളിച്ചം പുറത്തേക്ക് കടക്കുന്നത് ഒഴിവാക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ഗവ. സെക്രട്ടേറിയറ്റ്, നിയമസഭ, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ലുലു മാൾ, ടെക്‌നോ പാർക്ക്, വികാസ് ഭവൻ, മെഡിക്കൽ കോളേജ്, കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് സ്റ്റേഷൻ, വി.എസ്.എസ്.സി തുമ്പ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ നടന്നത്. 4.28ന് മോക്ക്ഡ്രിൽ അവസാനിപ്പിച്ചു കൊണ്ടുള്ള സൈറൺ മുഴങ്ങി.
ഗവ. സെക്രട്ടേറിയറ്റിൽ മോക്ക്ഡ്രില്ലിനു മുൻപായി സുരക്ഷാ ഉദ്യോഗസ്ഥരെത്തി ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു. സൈറൺ മുഴങ്ങിയതോടെ എല്ലാവരെയും ഓഫീസിനുള്ളിലേക്ക് കയറ്റുകയും സെക്രട്ടേറിയറ്റ് വളപ്പിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.
മോക്ക് ഡ്രില്ലിൽ നിന്നും ലഭ്യമായ വിശദാംശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര സർക്കാരിന് നൽകും. അതോടൊപ്പം കൂടുതൽ കാര്യക്ഷമമായി ഇത്തരം സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിർദേശം കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തുവാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.