* പുതിയ തസ്തികകൾ
ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വർദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൽ, ഭക്ഷ്യസുരക്ഷ ഓഫീസർ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്- 1 , ജൂനിയർ സൂപ്രണ്ട് -6 , ക്ലാർക്ക്-5 തസ്തികളും സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെൻ്റ് അനലിസ്റ്റ് -1, ജൂനിയർ റിസർച്ച് ഓഫീസർ-2 , റിസർച്ച് ഓഫീസർ (മൈക്രോബയോളജി)-3 ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 2 – 2 തസ്തികകൾ ലാബ് അസിസ്റ്റൻറ് -2 എന്നീ തസ്തികകളും പുതുതായി സൃഷ്ടിക്കും.
● തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികൾ സൃഷ്ടിക്കും. മുൻപ് മൊബൈൽ കോടതികൾ ആയി പ്രവർത്തിച്ചുവന്നതും നിലവിൽ റെഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികൾ ആയി മാറിയതുമായ കോടതികളിലാണ് തസ്തികൾ സൃഷ്ടിക്കുന്നത്.

* ഭരണാനുമതി
● കൊച്ചി നഗരത്തിലെ ആറ് കനാലുകൾ പുനരുജ്ജീവിപ്പിച്ച് ഗതാഗത യോഗ്യമാക്കുന്നതിനും അതുവഴി കൊച്ചി നഗരത്തിലെ നിരന്തരമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള ഇൻ്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതി
3716.10 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പാക്കുന്നതിന് വ്യവസ്ഥകളോടെ ഭരണാനുമതി നൽകി. പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കെഎംആർഎൽ തുടർന്നുകൊണ്ടും സീവറേജ് ഘടകങ്ങളുടെ നിർവഹണ ഏജൻസിയായി കേരള വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടും കിഫ്ബി എൻ.സി.ആർ.ഡി എന്നിവയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

* ടെൻഡറിന് അംഗീകാരം
● എറണാകുളം ജില്ലയിലെ കരുമള്ളൂർ, കുന്നുകര പഞ്ചായത്തുകളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച ടെൻഡറിന് അംഗീകാരം നൽകി. 22,11,85,744 രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്. പ്രതിദിനം 20 മില്യൺ ലിറ്റർ ജലവിതരണം ഉറപ്പാക്കുന്നതിന് ശേഷിയുള്ള ടാങ്കും അനുബന്ധ പ്രവർത്തികളും ചേർന്നതാണ് പദ്ധതി.

* മുദ്രവിലയിൽ ഇളവ്
● ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ 25 കുടുംബങ്ങൾ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷ പ്രകാരം ഭൂമി രജിസ്ട്രേഷൻ ആവശ്യമായ മുദ്രവിലയിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചു.
ഇടുക്കി ദേവികുളം താലൂക്കിൽ ആനവരട്ടി വില്ലേജിലെ റിസർവ്വേ 55/3/4 ൽ പെട്ട പള്ളിവാസൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.62 ആർ ഭൂമി വീതം 25 കുടുംബങ്ങൾക്ക് കൈമാറുന്നതിന്റെ ആധാര രജിസ്ട്രേഷൻ ആവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഉൾപ്പെടെയുള്ള തുകയായ 80,200 രൂപയാണ് ഇളവ് അനുവദിക്കുക. ഈ 25 കുടുംബങ്ങൾ ഭൂരഹിതരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുമാണ് എന്നീ വസ്തുതകൾ ജില്ലാ കളക്ടർ ഉറപ്പാക്കണം എന്ന നിബന്ധന ഒഴിവാക്കി കൊണ്ടാണ് തീരുമാനം.

* ശമ്പള പരിഷ്കരണം
● സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച പത്താം ശമ്പള പരിഷ്കരണം കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷനിലെ സർക്കാർ അംഗീകൃത തസ്തികയിലെ സ്ഥിരം ജീവനക്കാർക്ക് 1.7.2024 മുതൽ മുൻകാല പ്രാബല്യത്തിൽ അനുവദിക്കാൻ തീരുമാനിച്ചു.
● കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ സർവ്വേ നമ്പർ 100 പെട്ട 50 ഏക്കർ സർക്കാർ ഭൂമി കമ്പോള വിലയുടെ മൂന്നു ശതമാനം വാർഷിക പാട്ട നിരക്കിൽ 32,05,115 രൂപ വാർഷിക പാട്ടം ഈടാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കമ്പനിക്ക്(KMRL) സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതിനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.
●ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ നെടുങ്കണ്ടം കച്ചേരി സെറ്റിൽമെന്റിൽ റിസർവേ ബ്ലോക്ക് 48 ൽ സർവേ നമ്പർ 240/2 ൽ പെട്ട 0.0112 ഹെക്ടർ ഭൂമി ഹോർട്ടി കോർപ് സ്റ്റാൾ നിർമ്മിക്കുന്നതിന് പത്തു വർഷത്തേക്കിന് ഹോർട്ടികോർപ്പിന്
സൗജന്യ നിരക്കിൽ പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

* മൂല്യനിർണയത്തുക
● തിരുവനന്തപുരം വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിനു വേണ്ടി പുനരധിവസിപ്പിക്കേണ്ടി വരുന്ന പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ കെട്ടിടങ്ങളുടെ മൂല്യനിർണയത്തുക അംഗീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെട്ട കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ, 77 കെട്ടിടങ്ങളുടെ അംഗീകൃത മൂല്യനിർണയ തുകയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് 6,38,09,056 രൂപ യാണ് അംഗീകൃത മൂല്യനിർണയ തുക.

* ദർഘാസിന് അംഗീകാരം
● അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുക എന്ന പ്രധാന പ്രവർത്തികൾക്കായി ക്ഷണിച്ച ദർഘാസിന് അംഗീകാരം നൽകി.
103,31,74,743 യുടെ ദർഘാസിനാണ് അംഗീകാരം നൽകിയത്.
● തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ മലയോര ഹൈവേ പദ്ധതിയിൽ -ഉൾപ്പെടുത്തി നടപ്പാക്കുന്ന ചായം പെരിങ്ങമല റോഡിൽ വാമനപുരം നദിക്ക് കുറുകെ പൊന്നാംചൂണ്ട പാലം നിർമ്മാണ പ്രവൃത്തിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച ദർഘാസ് അംഗീകരിച്ചു.
9,45,75,642 രൂപയുടെ ഏക ദർഘാസിനാണ് അനുമതി നൽകിയത്.

* സർക്കാർ ഗ്യാരണ്ടി
● സഹകരണ വകുപ്പിന് കീഴിലുള്ള കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ നിന്നും റബ്‌കോ സ്വീകരിക്കുന്ന സ്ഥിരനിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകുന്നതിന് അനുമതി നൽകി. 9.5% വാർഷിക പലിശ നിരക്കിൽ സ്വീകരിക്കുന്ന 20 കോടി രൂപയുടെ സ്ഥിരനിക്ഷേപത്തിനും അതിൻ്റെ പലിശക്കും ധന വകുപ്പ് നിർദ്ദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി അഞ്ചുവർഷത്തേക്കാണ് സർക്കാർ ഗ്യാരണ്ടി നൽകുന്നത്.

* പെൻഷൻ
● മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ തുകയായ 3000 രൂപ കുടിശ്ശിക സഹിതം നൽകുന്നതിന് അംഗീകാരം നൽകി.

* ദീർഘിപ്പിച്ചു
● പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറുമായുള്ള ഡോ. ജെയിംസ് ജേക്കബിന്റെ കരാർ വ്യവസ്ഥയിലുള്ള സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.