മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്. അഞ്ചുവർഷത്തിനുള്ളിൽ നൂറു പാലങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട സർക്കാർ അതു മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. 2024ന്റെ തുടക്കത്തിൽ നൂറാമത്തെ പാലമായ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലെ ചെട്ടിക്കടവ് പാലം ഉദ്ഘാടനം ചെയ്ത സർക്കാർ മൂന്ന് വർഷങ്ങൾ കൊണ്ടാണ് പാലം നിർമ്മാണത്തിൽ സെഞ്ച്വറിയടിച്ചത്. നിലവിൽ പൂർത്തിയായ പാലങ്ങളുടെ എണ്ണം 150നോട് അടുക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1,208 കോടി രൂപയുടെ പാലം നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
എട്ട് റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി. ഏഴെണ്ണം അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. കിഫ്ബി പദ്ധതിയിലൂടെ സർക്കാർ ആകെ 99 റയിൽവേ മേൽപ്പാലങ്ങളാണ് ലക്ഷ്യമിടുന്നത്. രണ്ടു കരകളിലേക്കുള്ള യാത്രാ സൗകര്യങ്ങൾക്ക് അപ്പുറത്തേക്ക് മികച്ച നിർമ്മിതിയാണ് ഈ സർക്കാർ നിർമിച്ച പാലങ്ങൾ. നിർമ്മിതിയിൽ മികച്ചതായാൽ പാലങ്ങൾ ശ്രദ്ധിക്കപ്പെടും. ഇങ്ങനെ പാലങ്ങളെ കൂടുതൽ ആകർഷകമാക്കി ജനകീയമാക്കാൻ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

പഴയതും പുതിയതുമായ പാലങ്ങൾ ലൈറ്റിംഗ് നടത്തി ആകർഷകമാക്കുന്ന പദ്ധതിയും സർക്കാർ വിജയകരമായി നടപ്പാക്കി. വിദേശ രാജ്യങ്ങളിലേത് പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ രാത്രികളിൽ ദീപാലംകൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുക എന്ന വലിയ ലക്ഷ്യവും സർക്കാർ യാഥാർത്ഥ്യമാക്കി. സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി ഫറോക്ക് പഴയ പാലം മാറി.
പാലങ്ങളുടെ അടിഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെ ഉപയോഗപ്പെടുത്തി വീ പാർക്ക് സജ്ജമാക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു. ഇതിൽ ആദ്യ പാർക്ക് കൊല്ലത്ത് ഉദ്ഘാടനം കഴിഞ്ഞു.
സംസ്ഥാനത്തെ കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, സൈനേജുകൾ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള പൊതുമരാമത്ത്, ടൂറിസം മേഖലയിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഡിസൈൻ നയത്തിനും സർക്കാർ ചുക്കാൻ പിടിക്കുന്നു.
കരുത്തോടെ കേരളം – 18