പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
ആധാരങ്ങൾ ഓൺലൈനായി ചെയ്യാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തി. ആധാര രജിസ്‌ട്രേഷനായി പേൾ ( PEARL -Package for Effective Administration of Registraion Laws) എന്ന ഡിജിറ്റൽ സംവിധാനമൊരുക്കി സേവനങ്ങൾ നൽകുന്നു. ആധാരങ്ങളുടെ ഡിജിറ്റലൈസേഷന് പുറമെ, പൊടിഞ്ഞുപോയ രജിസ്‌ട്രേഷൻ വാല്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത്, രജിസ്‌ട്രേഷൻ നടപടികളുടെ ലഘൂകരണം, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ്, ആധാർ രജിസ്‌ട്രേഷനായി തീയതിയും സമയവും മുൻകൂർ നിശ്ചയിച്ചു കൊണ്ട് ടോക്കൺ ബുക്ക് ചെയ്യാനുള്ള സൗകര്യം, ഒരു ജില്ലയ്ക്ക് അകത്തുള്ള ഏത് ആധാരവും ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിനുള്ള ‘എനിവെയർ രജിസ്‌ട്രേഷൻ’ സൗകര്യം, ബാധ്യത സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈനിലൂടെ നൽകൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുടെ ഓൺലൈൻ ലഭ്യത, വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈൻ സമർപ്പിക്കാനുള്ള സൗകര്യം, ഗഹാനുകൾക്ക് പൂർണമായും ഓൺലൈൻ ഫയലിംഗ് സംവിധാനം, എല്ലാ സേവനങ്ങൾക്കും ഇ-പേയ്‌മെന്റ്, ഇ-പോസ് സൗകര്യം, വിദേശ ഇന്ത്യക്കാർക്ക് വളരെയേറെ പ്രയോജനകരമാകുന്ന എൻആർഐ ചിട്ടി രജിസ്‌ട്രേഷന് ഓൺലൈൻ സൗകര്യം, പാർട്ട്ണർഷിപ്പ് ഫേം രജിസ്‌ട്രേഷൻ, സൊസൈറ്റി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾക്കായി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ വകുപ്പ് യാഥാർത്ഥ്യമാക്കി.
സംസ്ഥാനത്തെ രജിസ്ട്രാർ ഓഫീസുകളും ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്ന കാഴ്ചയും സർക്കാർ സാധ്യമാക്കി. കിഫ്ബി, പൊതുമരാമത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 28 രജിസ്ട്രാർ ഓഫീസുകൾ. എല്ലാ രജിസ്ട്രാർ ഓഫീസുകളിലും കോംപാക്ടർ സൗകര്യം നടപ്പാക്കിവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കാസറഗോഡ് ജില്ലകളിലെ 1968 മുതലുള്ള ആധാരങ്ങളും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ 1988 മുതലുള്ള ആധാരങ്ങളും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ 1998 മുതലുള്ള ആധാരങ്ങളും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി. 1998 മുൻപുള്ള റെക്കോർഡുകൾ ഡിജിറ്റൈസ് ചെയ്തു വരുന്നു.
രജിസ്‌ട്രേഷൻ വകുപ്പിലെ മുഴുവൻ പ്രവർത്തനങ്ങളും സേവനങ്ങളും ഓൺലൈനാക്കുന്ന സംവിധാനത്തിലേക്ക് മാറ്റുകയും ക്യാഷ്‌ലെസ് ഓഫീസായി പ്രവർത്തിച്ച് സുതാര്യ സേവന സന്നദ്ധതയുള്ള ഓഫീസുകളാക്കി മാറ്റാനുള്ള പ്രവർത്തനം സർക്കാർ 2016 മുതൽ വകുപ്പിൽ നടപ്പാക്കി ആധുനികവത്ക്കരണം പൂർണതയിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് വകുപ്പ്.
കരുത്തോടെ കേരളം – 20