സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കാൻ ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണ്ടതെന്നിരിക്കെ 33 സ്വകാര്യ വ്യവസായ പാർക്കുകളാണ് കേരളത്തിൽ നിലവിൽ നിർമ്മാണത്തിലുള്ളത്.
സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന ആശയം കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ആവിഷ്‌കരിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തികസഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു. സംസ്ഥാനത്ത് ശതകോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലും കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്തരം വ്യവസായ പാർക്കുകൾ.
നിർമ്മാണം പുരോഗമിക്കുന്ന 33 പാർക്കുകളിൽ രണ്ടെണ്ണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ളവ വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരും. ഈ സർക്കാരിന്റെ കാലത്തുതന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കുകയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാംസ്ഥാനം, നിമിഷ വേഗത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാവുന്ന സ്ഥിതി എന്നിവയൊക്കെ സംസ്ഥാനത്തെ വ്യവസായരംഗത്തിന് കുതിപ്പേകുന്നുണ്ട്. സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവാണ് വരാനിരിക്കുന്നത്.
കരുത്തോടെ കേരളം- 21