* ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെയും അധ്യാപക സംഗമത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി സ്‌കൂളുകളിലും പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 1 മണി വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഒരു ഓറിയൻറേഷൻ പ്രോഗ്രാം ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളെ സഹായിക്കുന്നതിന് എല്ലാ ഹയർ സെക്കന്ററി സ്‌കൂളുകളിലും പരിശീലനം ലഭിച്ച ഒരു അധ്യാപകൻ കരിയർ ഗൈഡായി പ്രവർത്തിച്ചു വരുന്നു.

പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ മുമ്പിൽ ഒട്ടേറെ തുടർപഠന സാദ്ധ്യതകളുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ മൂന്ന് സ്ട്രീമുകളിലായി 46 കോമ്പിനേഷനുള്ള ഹയർ സെക്കന്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കന്ററി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്. 46 കോമ്പിനേഷനുകളുള്ള സെക്കന്ററി ഹയർ കോഴ്സുകളിലൂടെ എത്തിച്ചേരുന്ന 25,000 ത്തോളം ഉന്നത പഠന കോഴ്സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ട് തന്നെ സ്ട്രീമുകളിലെയും ഒരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്ട്. അഭിരുചിയിൽ സംശയമുള്ള വിദ്യാർത്ഥികൾക്ക് അതിൽ വ്യക്തത വരുത്താൻ K-DAT എന്ന പേരിൽ ഒരു ഓൺലൈൻ അഭിരുചി പരീക്ഷ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലേത്. സൗജന്യമായി അഭിരുചി പരീക്ഷയും കൗൺസിലിംഗും നൽകിവരുന്നുണ്ട്.

കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടന്നു വരുന്നുണ്ട്. കലാമേഖല ഉൾപ്പടെയുള്ള  വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി ആ മേഖലകളിൽ മുന്നേറുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി വരുന്നു. തുടർ പഠനവുമായി ബന്ധപ്പെട്ട പ്രവേശന പരീക്ഷകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും അറിവ് നൽകുന്നതിന് മൂന്നു മിനിറ്റ് വീതമുള്ള ഓഡിയോ സന്ദേശം ആഴ്ചയിൽ രണ്ട് തവണ വീതം സ്‌കൂളുകളിലെ കേന്ദ്രീകൃത പൊതു അഭിസംബോധന സംവിധാനം ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതാണ്.

9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ച് തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്നതിന് ഒരു കരിയർ ഗൈഡൻസ് പോർട്ടൽ തയ്യാറായി വരുന്നു. ജൂൺ ആദ്യവാരം അത് കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി തുറന്നു നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ സമഗ്രമായ പുരോഗതിക്കായി ജനകീയ പങ്കാളിത്തത്തോടെ കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മാ പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ട  പ്രവർത്തനമായി വിവിധ തലങ്ങളിൽ പദ്ധതിയുടെ ഭാഗമാകുന്നവരെ ഉൾക്കൊള്ളിച്ച് സംഘാടക സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. വിദ്യാലയത്തിലെത്തുന്ന എല്ലാ കുട്ടികൾക്കും അവസരം നൽകി, ഉൾചേർത്ത പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിന് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി വിദ്യാലയങ്ങളിൽ സാമൂഹികവും അക്കാദമികവുമായ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്കു വഹിക്കുന്ന അധ്യാപകരുടെ പ്രാധാന്യം പരിഗണിച്ചാണ് അവധിക്കാല അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ തയ്യാറാക്കിയ 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തക വിനിമയം, മൂല്യനിർണ്ണയ സമീപനം, കുട്ടികളുടെ സമഗ്ര പുരോഗതി രേഖ വികസിപ്പിക്കൽ, വിവിധ ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികളെ അക്കാദമികമായി ഉൾചേർക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക, സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ബാല്യത്തിനും യൗവ്വനത്തിനുമൊപ്പം സർക്കാർ എന്ന ക്യാമ്പയിൻ ഏറ്റവും പ്രാധാന്യത്തോടെ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്നതിനുള്ള അധ്യാപക നേതൃത്വം, ആരോഗ്യ കായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ആധുനിക സാങ്കേതിക വിദ്യയുടെ പഠനം തുടങ്ങി വിവിധ മേഖലകളിൽ ചർച്ചകളും സംവാദങ്ങളും പാഠഭാഗങ്ങളുമായി ചേർത്തുവച്ച് അവതരിപ്പിക്കുന്നതിന് അധ്യാപക സംഗമങ്ങൾ ക്രിയാത്മക വേദികളായി മാറണം.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി മുഖേനയാണ് അധ്യാപക സംഗമങ്ങൾ നടത്തുന്നത്. അധ്യാപക പരിശീലന മൊഡ്യൂൾ നിർമാണ ശില്പശാലകൾ, സംസ്ഥാന തല റിസോഴ്സ് അധ്യാപക ശാക്തീകരണം എന്നിവ എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ പാഠ്യപദ്ധതി പിന്തുടരുന്ന എൽ പി., യു പി, ഹൈസ്‌കൂൾ വിഭാഗം മുഴുവൻ അധ്യാപകർക്കും 2025 മെയ് 13 മുതൽ 23 വരെ രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസത്തെ പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, വിദ്യാകിരണം, കൈറ്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം  സംഘടിപ്പിക്കുന്നത്.

ഈ വർഷം 4,045 ബാച്ചുകളിലായി 1,50,361 ൽ പരം അധ്യാപകരാണ് അധ്യാപക സംഗമങ്ങളിൽ പങ്കെടുക്കുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കി ഗുണമേന്മാ വിദ്യാഭ്യാസമെല്ലാവർക്കും ലഭിക്കുന്നതിന് കേരളം നടത്തുന്ന ഈ സവിശേഷ ഇടപെടലിൽ അധ്യാപകർക്കുള്ള പങ്ക് നിർണ്ണായകമാണ്. അതിനാൽ തന്നെ കേരളത്തിലെ വിദ്യാഭ്യാസത്തിൽ മറ്റൊരു പുതു ദൗത്യം നിർവഹിക്കുന്നതിന്  ഏവർക്കും ഒരുമിച്ച് മുന്നേറണ്ടതുണ്ട്. സംസ്ഥാനത്താകെ അധ്യാപകസംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. സുധീഷ് കുമാർ എൻ ഐ എന്നിവർ സംബന്ധിച്ചു.