യുവതലമുറ കായികരംഗത്ത് സജീവമാകണം: മന്ത്രി ജി.ആർ. അനിൽ

ലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനും പുതിയ തലമുറയെ അതിൽ നിന്നുമകറ്റാനും അവരെ മുന്നോട്ട് നയിക്കാനും ഏറ്റവും ഫലപ്രദമായ മരുന്ന് അവരെ കായിക രംഗത്ത് സജീവമാക്കുക എന്നതാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാന സർക്കാരും സംസ്ഥാന കായിക വകുപ്പും കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലും സംയുക്ത്മായി സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്‌സ്- സെ യെസ് ടു സ്‌പോർട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ തിരുവനന്തപുരം ജില്ലാതല സമാപന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക രംഗത്തു പുതിയ തലമുറയെ ഒന്നാകെ സജീവമാക്കാൻ നമുക്ക് കഴിഞ്ഞാൽ  ലഹരി പോലെയുള്ള വിപത്തുകളിൽ നിന്ന് നാടിനെ രക്ഷിക്കാനാകുമെന്ന സന്ദേശമാണ് പ്രചരിപ്പിക്കേണ്ടതെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.  ചടങ്ങിൽ  കായികതാരങ്ങളും  സ്‌കൂൾ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംഗീത-നൃത്ത പരിപാടികളും അരങ്ങേറി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി,  കായിക വകുപ്പ്  മന്ത്രിയും ലഹരിവിരുദ്ധ ജാഥാ ക്യാപ്റ്റനുമായ വി. അബ്ദുറഹിമാൻ, എം.എൽ.എമാരായ കടകംപളളി സുരേന്ദൻ, വി.കെ. പ്രശാന്ത്, കേരളം സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി വിഷ്ണുരാജ് പി., എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, സ്വാമി സന്ദീപാനന്ദ ഗിരി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയകവർ പങ്കെടുത്തു.