സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.

മെയ് 20നകം ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ്മ പദ്ധതി  തയ്യാറാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.  ജില്ലാ, താലൂക്ക് തലങ്ങളിൽ തയ്യാറാക്കിയിട്ടുള്ള ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകണം.

ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ആദ്യ ആഴ്ചയിൽ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി മഴക്കാല പൂർവ്വ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കണം.

മാലിന്യ നിർമാർജനം വേഗത്തിൽ നടത്തുകയും മഴയ്ക്ക് മുൻപായി പൊതു ഇടങ്ങളിൽ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൊതുക് നിർമ്മാർജ്ജനം വ്യാപകമായി നടത്തണം. ഓടകൾ, നീർച്ചാലുകൾ, പൊതുജലാശയങ്ങൾ മുതലായ എല്ലാ ജല നിർഗമന പാതകളും വൃത്തിയാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ നടത്തുന്നതിനായി ഉപയോഗിച്ചു വരുന്ന കെട്ടിടങ്ങളിലും ക്യാമ്പുകളായി ഉപയോഗിക്കാൻ കണ്ടെത്തിയ കെട്ടിടങ്ങളിലും ശുചിമുറികൾ, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പുകൾ നടത്താനായി കണ്ടെത്തിയ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ എല്ലാ പ്രാദേശിക സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം.

അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം മഴയ്ക്കു മുന്നോടിയായി പൂർത്തീകരിക്കണം.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപം കൊള്ളാനിടയുള്ള വെള്ളക്കെട്ടുകൾ ഇല്ലാതാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് സംയുക്ത പരിഹാര പദ്ധതി തയ്യാറാക്കണം.

എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുൻപായി പൂർത്തീകരിക്കണം. പ്രധാന റെഗുലേറ്ററുകൾ, സ്പിൽ വേകൾ എന്നിവയുടെ മുൻപിലും, പുറകിലുമുള്ള തടസ്സങ്ങൾ നീക്കണം. എല്ലാ ഷട്ടറുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച റൂൾ കർവ്വിന് മുകളിൽ എത്തുന്നില്ലെന്ന് റൂൾ കർവ് നിരീക്ഷണ സമിതി ഉറപ്പാക്കണം.

നഗര മേഖകളിൽ ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇത് മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനം രൂപീകരിക്കണം. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവക്ക് തുടർച്ചയുണ്ടാണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തിര മുൻകരുതലുകൾ എടുക്കണം. കോഴിക്കോട് കനോലി കനാലിലെ ഒഴുക്ക് സുഗമമാക്കി ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം.

അടിയന്തിര പ്രതികരണ സേന പുനരുജ്ജീവിപ്പിച്ച് ദുരന്ത സാധ്യതാ മുന്നറിയിപ്പ്, രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, ക്യാമ്പ് മാനേജ്മെന്റ് എന്നിവയിൽ പരിശീലനം ഉറപ്പാക്കണം.  സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവർത്തന പദ്ധതി ആരോഗ്യ കേന്ദ്രങ്ങളിൽ ആവിഷ്‌കരിക്കണം.

ട്രൈബൽ ഹാംലെറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കണം. കുടുംബശ്രീയുമായി ചേർന്ന് സാമൂഹ്യാധിഷ്ഠിത ദുരന്തപ്രതിരോധ സേനയെ സജ്ജമാക്കാൻ ആവശ്യമായ വോളണ്ടിയർ പരിശീലനം സംഘടിപ്പിക്കണം.

ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കണം. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ച് മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.

ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണം. ചുറ്റുമതിൽ, മേൽക്കൂര, സമീപത്തുള്ള മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ സ്‌കൂൾ ആപ്പ് ഉപയോഗിച്ച് എല്ലാ സ്‌കുളുകളും സ്‌കൂൾ സുരക്ഷാ പദ്ധതി തയ്യാറാക്കണം. സ്‌കൂൾ സേഫ്റ്റി പദ്ധതി സംബന്ധിച്ച് അദ്ധ്യാപകർക്ക് പരിശീലനം നൽകണം.

റോഡിൽ പണി നടക്കുന്നയിടങ്ങളിൽ സുരക്ഷാബോർഡുകൾ സ്ഥാപിക്കാൻ നാഷണൽ ഹൈവേ, പൊതുമരാമത്ത് വകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവർക്ക് പ്രത്യേക നിർദേശം നൽകണം. റോഡിലുള്ള കുഴികൾ അടക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. കുഴികളും മറ്റും രൂപം കൊണ്ടിട്ടുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് ബോർഡുകൾ വെക്കണം.  കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.

ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലയിൽ  ബോധവൽക്കരണം നടത്തണം.  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലം/കെട്ടിടം കണ്ടെത്തി രക്ഷാപ്രവർത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ സംഭരിക്കണം. ആപ്തമിത്ര, സിവിൽ ഡിഫെൻസ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം.

ഗ്രാമപഞ്ചായത്തിന് 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപയും കോർപറേഷന് 5 ലക്ഷം രൂപവരെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന ഉപകരണങ്ങൾ വാങ്ങുവാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും ജില്ലാദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ആവശ്യാനുസരണം അനുവദിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കൂടുതലായി ഉപകരണങ്ങൾ ആവശ്യമായി വന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ തുക/ഉപകരണങ്ങൾ സ്വരൂപിക്കണം. സമഗ്രമായി പരിഷ്‌ക്കരിച്ച ഓറഞ്ച് ഡാറ്റ ബുക്ക് മെയ് 25നകം പുറത്തിറക്കണം.

ആരോഗ്യ ജാഗ്രതാ കലണ്ടറിൽ നിർദ്ദേശിച്ച പ്രകാരം പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം.

രണ്ടാഴ്ചയിൽ ഒരിക്കൽ ജില്ലാതലത്തിൽ അവലോകനയോഗം ചേർന്ന് പകർച്ചവ്യാധികളുടെ സ്ഥിതിഗതികൾ വിലയിരുത്തണം. എല്ലാ ആഴ്ചയിലും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെ അവലോകനയോഗം ചേരണം.

പ്രാണിജന്യ, ജന്തുജന്യ,  വായുജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിന്  മുൻകരുതലുകൾ സ്വീകരിക്കണം.

വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും ഏകോപനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, പി പ്രസാദ്, വി. ശിവൻകുട്ടി, ആർ. ബിന്ദു, വിണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ പങ്കെടുത്തു.