ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്ലാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് അവബോധം നൽകുന്നതാണ്.
ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ വീഡിയോകൾ പ്രദർശിപ്പിക്കും. കൊതുകിന്റെ ഉറവിട നശീകരണത്തിൽ സ്വന്തം വീട്ടിലും സ്ഥാപനത്തിലും അവരവർക്ക് ചെയ്യാൻ കഴിയുന്നത് വ്യക്തമാക്കുന്നതാണ് വീഡിയോകൾ. മഴക്കാലം മുന്നിൽ കണ്ട് ദേശീയ ഡെങ്കിപ്പനി ആചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും അവബോധം ശക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനിയ്ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉറവിട നശീകരണത്തിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണം. വീട്ടിലോ സ്ഥാപനത്തിലോ അകത്തോ പുറത്തോ വെള്ളംകെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാകരുത്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകർച്ചപ്പനി ആകാൻ സാധ്യതയുള്ളതിനാൽ വൈദ്യ സഹായം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. മേയ് 23, 30 തീയതികളിൽ പ്രത്യേക പ്രവർത്തനങ്ങൾ നടക്കും. ഇത് കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്പെഷ്യൽ ഡ്രൈ ഡേയും ആചരിക്കണം. സ്കൂൾ തുറക്കുന്നത് മുന്നിൽ കണ്ട് സ്കൂളും പരിസരവും കൂടി ശ്രദ്ധിക്കേണ്ടതാണ്.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ എന്നിവർ പങ്കെടുത്തു.