കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്. വിദേശ റിക്രൂട്ട്മെന്റിൽ മുന്നിലുള്ള നോർക്ക നിലവിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യന്മാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് റിക്രൂട്ട്മെന്റ് നടത്തിവരുന്നത്. 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി. ഈ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.
യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം ആരോഗ്യമേഖലയിലെ 250 പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണാപത്രം ഒപ്പിട്ടു. 2022 നവംബർ മുതൽ ഇതുവരെ യുകെയിലെ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എൻ.എച്ച്.എസിലേയ്ക്ക് നഴ്സ്, ഡോക്ടർ തസ്തികകളിൽ 639 ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിച്ചു. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാരിന്റെ ട്രിപ്പിൾ വിൻ കേരള പദ്ധതി വഴി 670 നഴ്സിങ് പ്രൊഫഷണലുകൾ ജർമ്മനിയിലെത്തി. 881 ഉദ്യോഗാർഥികൾക്ക് ഗോയ്ഥേ സെന്ററിൽ ജർമ്മൻ ഭാഷാപഠനം പൂർത്തിയാകുന്നതോടെ നിയമനം ലഭിക്കും. കാനഡയിലുള്ള ന്യൂ ഫോണ്ട്ലന്റ് & ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിലൂടെ 210 പേരെ തെരഞ്ഞെടുക്കുകയും 85 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2021 ഏപ്രിൽ മുതൽ ഇതുവരെ കേരളത്തിൽ നിന്നും 420 ആരോഗ്യപ്രവർത്തകർക്കാണ് നിയമനം ലഭിച്ചത്. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും മാലി ദ്വീപിലേക്കും റിക്രൂട്ട്മെന്റുകൾ വഴി 21 പേർക്ക് നിയമനം ലഭിച്ചു.
വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സഹായിക്കുന്നു. ഇതുവരെ 1087 പേർ ഇവിടെ പഠനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലുമായി 352 വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ സർക്കാർ ‘ലോകകേരളം’ ഓൺലൈൻ പോർട്ടലിന് തുടക്കമിട്ടു. യുക്രൈനിൽ നിന്ന് 3385 വിദ്യാർഥികളെ നാട്ടിൽ എത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിനിന്നു. 2023ലെ സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 183 മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു, മണിപ്പൂർ സംഘർഷകാലത്ത് 63 വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
നോർക്ക റൂട്ട്സ് കോവിഡ് കാലത്ത് റെസ്പോൺസ് സെൽ രൂപീകരിച്ചിരുന്നു. ഇതിലൂടെ രജിസ്റ്റർ ചെയ്ത 5,61,302 പ്രവാസികളെ നാട്ടിലെത്തിച്ച് ഡോക്ടർമാരുടെ ഓൺലൈൻ സേവനവും ടെലികൗൺസലിംഗ് സേവനവും ഏർപ്പെടുത്തി. തിരികെ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചു. അപേക്ഷിച്ച 1.33 ലക്ഷം പ്രവാസികൾക്കായി ആകെ 66.9 കോടി രൂപ നൽകി.
പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും താങ്ങും തണലുമായി, പ്രവാസ ലോകത്ത് കേരളത്തിന്റെ പേര് നിലനിർത്തുന്നതിൽ നോർക്ക റൂട്ട്സ് വഹിക്കുന്ന പങ്ക് വലുതാണ്. നോർക്കയിലൂടെ പ്രവാസി മലയാളികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
കരുത്തോടെ കേരളം- 31