ആലപ്പുഴ: ജില്ലയിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്ക കേസുകൾ വർധിക്കുന്നതായി വനിതാ കമ്മീഷൻ നിരീക്ഷണം. ഭൂരിഭാഗം സ്വത്ത് തർക്ക കേസുകളിലും ഇരകളാകുന്നത് വയോധികരാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.്ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
81 കേസുകളാണ് പരിഗണിച്ചത്. പുതുതായി 70 കേസുകളും പരിഗണിച്ചു. ഏഴു പരാതികൾ തീർപ്പാക്കി. ഭർത്താവ് മരണപ്പെട്ടാൽ ഭാര്യയോ മക്കളോ ആയിരിക്കും നിയമപരമായി അദ്ദേഹത്തിന്റെ സ്വത്തിന്റെ ഒന്നാമത്തെ അവകാശികൾ.എന്നാൽ മിക്ക കേസുകളിലും ഭർത്താവിന്റെ സഹോദരങ്ങളോ വീട്ടുകാരോ ഇത് കൈക്കലാക്കാറാണ് പതിവ്. ആലപ്പുഴയിൽ രോഗിയായ മകൻ അച്ഛനെതിരെ സ്വത്താവശ്യപ്പെട്ട് കേസുനൽകിയിരുന്നു. രോഗ വിവരം മറച്ചുവച്ച് വിവാഹം കഴിക്കാൻ അച്ഛൻ നിർബന്ധിച്ചുവെന്നും സാമ്പത്തിക സൗകര്യമുള്ള അച്ഛൻ മകന്റെ കുടുംബത്തെ സഹായിക്കുന്നില്ലെന്നുമായിരുന്നു പരാതി .വിവാഹം കഴിഞ്ഞ വർഷങ്ങളിലെ ആവശ്യങ്ങൾക്കായി മകന്റെ ഭാര്യയുടെ സ്വത്തും സ്വർണവും അച്ഛൻ ഉപയോഗിച്ചതിനാൽ രോഗിയായ മകന് നിലവിൽ സമ്പാദ്യമൊന്നുമില്ല. ഒടുവിൽ അച്ഛന്റെ കാലശേഷം ഇഷ്ടദാനമായി അഞ്ചുസെന്റ് സ്ഥലം നൽകാമെന്നറിയിച്ചതോടെ പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചു.ഈ മാസം 27ന് നടക്കുന്ന അടുത്ത സിറ്റിങ്ങിൽ ഒത്തുതീർപ്പുണ്ടാക്കും. ആർ.ഡി.ഒമാർ സ്ഥലം ബാങ്കിൽ പണയപ്പെടുത്തി ഇരയ്്ക്ക് സഹായം നൽകാൻ കഴിയുന്ന റിവേഴ്‌സ് മോട്‌ഗേജ് സംവിധാനം ഫലപ്രദമായി ഉപയോഗിച്ചാൽ ഒരു പരിധിവരെയുള്ള സ്വത്തുതർക്ക കേസുകൾ പരിഹരിക്കാനാകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഈ അധികാരം അധികം ആർ.ഡി.ഒമാരും ഉപയോഗിക്കാറില്ലെന്നും അവർ പറഞ്ഞു. ലോൺ എടുക്കാനെന്ന വ്യാജേന മക്കൾ അമ്മമാരുടെ സ്വത്തെഴുതി വാങ്ങി അവരെ കബളിപ്പിക്കുന്ന പരാതികളും വർധിക്കുന്നുണ്ട്.
സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ മൂന്നുപരാതിയും കമ്മീഷന് മുന്നിലെത്തി.തൊഴിലിടങ്ങളിലെ പീഡനമായിരുന്നു വിഷയം. തിരുവനന്തപുരം സ്വദേശിയായ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ വനിതയെ ജാതീയമായി അധിക്ഷേപിക്കുകയും ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം അന്യായമായി പിടിച്ചുവച്ച പരാതിയും കമ്മീഷൻ പരിഗണിച്ചു. കമ്മീഷൻ ആദ്യമിടപ്പെട്ടെങ്കിലും ജില്ലാ ആശുപത്രി അധികാരികൾ ശമ്പളം നൽകാൻ തയ്യാറായില്ല.തുടർന്നു വീണ്ടും കമ്മീഷൻ കർശന താക്കീത് നൽകുകയും വ്യാഴാഴ്ച ശമ്പളം നൽകാൻ അറിയിക്കുകയും ചെയ്തു. കമ്മീഷനംഗം എം.എസ് താര,ജെ.മിനീസ തുടങ്ങിയവർ പങ്കെടുത്തു.