ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ കൂടുതൽ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി, കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ ബട്ടത്തൂരിൽ നിർമ്മിച്ച സെക്കൻഡറി സ്റ്റാൻഡേർഡ് ലബോറട്ടറി യൂണിറ്റ് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്‌ത്യകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നാടിന് സമർപ്പിച്ചു.
ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് യാഥാർത്ഥ്യമാകുന്നതോടെ സമീപ ജില്ലകളിലെ ലീഗൽ മെട്രോളജി ഓഫീസുകളിൽ ഉപയോഗിക്കുന്ന വർക്കിംഗ് സ്റ്റാൻഡേർഡ് ഉപകരണങ്ങളുടെ കാലികമായ പുന: പരിശോധനയിൽ കൃത്യത വരുത്താൻ സാധിക്കും .
1.5 കോടി രൂപ ചിലവഴിച്ച് 7000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒരുക്കിയ ആധുനിക സൗകര്യത്തൂടെയുള്ള മൂന്ന് നില കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. 

ഇന്ത്യയുടെ അളവ് തൂക്ക സംവിധാനത്തിന്റെ ആധാരമായ ഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ സൂക്ഷിച്ചിട്ടുള്ള സ്റ്റാൻഡേർഡുകൾ അടിസ്ഥാനമാക്കിയാണ് രാജ്യത്തുടനീളമുള്ള റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ ( ആർ ആർ എസ് എൽ ) പ്രവർത്തിക്കുന്നത്. ഇവയുടെ കീഴിലുള്ള സെക്കൻഡറി സ്റ്റാൻഡേർഡ് ലബോറട്ടറികളിലാണ് ലീഗൽ മെട്രോളജി വർക്കിംഗ് സ്റ്റാൻഡേഡുകൾ പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തുന്നത്. ജനങ്ങൾക്ക് കൂടുതൽ ഗുണംചെയ്യുന്ന രീതിയിൽ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയിൽ സെക്കൻഡറി ലബോറട്ടറി യൂണിറ്റ് സ്ഥാപിച്ചത്.
ഇതോടൊപ്പം വിഭാവനം ചെയ്ത ടാങ്കർ ലോറി കാലിബ്രേഷൻ യൂണിറ്റ് അടുത്ത ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യും.
ഇന്ധന വിതരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോൾ/ഡീസൽ ടാങ്കർ ലോറികളുടെ അളവുകൾ കൃത്യതപ്പെടുത്തുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിലും പുതിയയതായ സ്ഥാപിക്കുന്ന കാലിബ്രേഷൻ യൂണിറ്റ് നിർണ്ണായകമാവും. നിലവിൽ കോഴിക്കോട് ജില്ലയിലാണ് ടാങ്കർ ലോറി കാലിബ്രേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നത്. യൂണിറ്റ് നിലവിൽ വരുന്നതോടെ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇതിലൂടെ ഗുണം ലഭിക്കും.