ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കണം: മന്ത്രി വി. ശിവൻ കുട്ടി
കേരള സ്റ്റേറ്റ്‌സ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്തം, വിദ്യാലയം സുരക്ഷിതം എന്ന ലക്ഷ്യത്തോടെ, ഓരോ സ്‌കൂളും പഠനത്തിനൊപ്പം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ‘പഠനം ആകട്ടെ ലഹരി’ എന്ന സന്ദേശം വളരെയധികം പ്രസക്തമാണ്. ലഹരി ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല നശിപ്പിക്കുന്നത്. ഒരു കുടുംബത്തെ, സമൂഹത്തെ, ഒടുവിൽ ഒരു രാഷ്ട്രത്തെ തന്നെ ബാധിക്കുന്ന മഹാമാരിയാണത്. അതിനെ ചെറുക്കാൻ നമുക്ക് ആവശ്യമായത് ശക്തമായ പ്രചാരണവും ബോധവത്കരണവും പ്രായോഗിക ഇടപെടലുകളുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ അതിവേഗ പുരോഗതികൾക്കൊപ്പം, വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ ശ്രദ്ധ ചെലുത്തുന്നു. ലഹരിക്കെതിരെ വിദ്യാലയ തലത്തിൽ തന്നെ ശക്തമായ പ്രതിരോധം നിർമ്മിക്കേണ്ടത് അനിവാര്യമാണ്.
ഈ മുന്നേറ്റത്തിന് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പോലുള്ള പ്രസ്ഥാനങ്ങൾ മുന്നിൽ നിന്ന് നേതൃത്വം കൊടുക്കുന്നത് അഭിനന്ദനാർഹമാണ്. നേതൃത്വ പരിശീലനവും, സാമൂഹിക ബോധവും, നിസ്വാർത്ഥ സേവന മനോഭാവവുമാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനമായ ആയുധം. വിദ്യാർത്ഥികൾ അതിന്റെ മുന്നിൽ കീഴടങ്ങരുത്, മറിച്ച് പ്രതിരോധം തീർക്കണം. അതിനായുള്ള കരുത്തും ആത്മവിശ്വാസവും ഈ ക്യാമ്പയിനിൽ നിന്നും ഉണ്ടാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
ഇത്തരമൊരു ഉദ്ദേശത്തോടെ ക്യാമ്പയിൻ സംഘടിപ്പിച്ച എല്ലാ ക്രമീകരണങ്ങൾക്കും, സഹകരണങ്ങൾക്കും സർക്കാർ നന്ദി അറിയിക്കുന്നു. കാമ്പയിൻ വിദ്യാർത്ഥികളിൽ നിന്നും അതിന്റെ ഫലപ്രാപ്തി കണ്ടെത്തട്ടെ എന്നതാണ് എന്റെ ആശംസ. നമുക്ക് ഒരുമിച്ച് പ്രവർത്തിച്ചാൽ, ലഹരിയെന്ന മഹാമാരിയെ ചെറുക്കാൻ കഴിയുമെന്ന് ഉറപ്പാണ്. പഠനത്തിനൊപ്പം ചിന്തയും, ജനാധിപത്യബോധവും വിദ്യാർഥികളിൽ നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എൻ.കെ. പ്രഭാകരൻ സ്വാഗതം ആശംസിച്ചു. സ്‌കൗട്ട്‌സ്- സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ബാബുരാജൻ സി.പി. പദ്ധതി വിശദീകരിച്ചു. സ്‌കൗട്ട്‌സ് സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, സ്റ്റേറ്റ് ട്രഷറർ ബെന്നി കെ.വി., സ്റ്റേറ്റ് കമ്മീഷണർ ആശാലത എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ലിജി മോൾ പി. നന്ദി അറിയിച്ചു.